ഹസ്സൻ അലി ഇനി ഇന്ത്യയുടെ മരുമകൻ; അഭിനന്ദനവുമായി സാനിയ

16:11 PM
21/08/2019

ദുബൈ: രാഷ്​ട്രീയ കാരണങ്ങളാൽ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങള​ുണ്ടെങ്കിലും, ക്രിക്കറ്റ്​ പിച്ചിൽ എതിർ ടീമാണെങ്കിലും പാക്കിസ്​താനി പേസ്​ ബോളർ ഹസൻ അലി ഇന്ത്യയിൽ നിന്നൊരു കല്യാണാലോചന വന്നപ്പോൾ അതൊന്നും നോക്കിയില്ല. ദുബൈയിൽ സ്​ഥിരതാമസമായ ഹരിയാന മേവത്തിൽ നിന്നുള്ള കുടുംബത്തിലെ ഷാമിയാ ആർസുവിനെ താരം വിവാഹം ചെയ്തു.

ചൊവ്വാഴ്ച ദുബൈയിൽ നിക്കാഹ് ചടങ്ങുകൾ നടന്നു. സ്വകാര്യ എയർലൈനിൽ ജോലി ചെയ്യുകയാണ് ഷാമിയ. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയറിംഗ് പഠിച്ച ഷാമിയ മാതാപിതാക്കൾക്കൊപ്പം ദുബൈയിലാണ് താമസം. ന്യൂഡൽഹിയിലെ ചില കുടുംബാംഗങ്ങളും ഇവർക്കൊപ്പം താമസിക്കുന്നുണ്ട്. ദുബൈയിലെ ഉറ്റസുഹൃത്ത് വഴിയാണ് ഹസൻ ആദ്യമായി ഷാമിയയെ കണ്ടതെന്ന് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹസൻ അലിയെ അഭിനന്ദിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ രംഗത്തെത്തി. ഇന്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാകിസ്ഥാൻ ക്രിക്കറ്റ് താരമായി ഹസൻ അലി മാറി. സഹീർ അബ്ബാസ്, മൊഹ്‌സിൻ ഖാൻ, ഷുഹൈബ് മാലിക് എന്നിവരാണ് ഇതിന് മുമ്പ് ഇങ്ങനെ വിവാഹം കഴിച്ചവർ. 

ഒമ്പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും പാകിസ്താനായി കളിച്ച ഹസൻ 2017 ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ്. സമീപ കാലത്ത് ഹസൻ അലിക്ക് ഫോമിലെത്താൻ സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ലോകകപ്പ് മത്സരങ്ങളിൽ 25കാരന് തിളങ്ങാനായില്ല. പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.പാക് ഓൾ‌റൗണ്ടർ ഷുഹൈബ് മാലിക് 2010ൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ വിവാഹം കഴിച്ചതാണ് ഇതിന് മുമ്പ് നടന്ന ഇന്ത്യ- പാക് വിവാഹങ്ങളിൽ പ്രശസ്തമായത്.

Loading...
COMMENTS