ഇന്ത്യൻ ടീമിന്‍റെ ഓറഞ്ച് ജേഴ്സി; കാവിവത്കരണമെന്ന് ആരോപണം

21:07 PM
26/06/2019
orange-joursey

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീം ഓറഞ്ച് ജേഴ്സി അണിഞ്ഞ് കളിക്കാനിറങ്ങുന്നത് കാവിവത്കരണത്തിന്‍റെ ഭാഗമായാണെന്ന ആരോപണവുമായി കോൺഗ്രസിന്‍റെയും എസ്.പിയുടെയും എം.എൽ.എമാർ. മുംബൈയിൽനിന്നുള്ള സമാജ് വാദി പാർട്ടി എം.എൽ.എ അബു ആസ്മി, കോൺഗ്രസ് എം.എൽ.എ നസീം ഖാൻ എന്നിവരാണ് ആരോപണമുന്നയിച്ചത്. 

എല്ലാം കാവിവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് ടീം ജേഴ്സിക്കും കാവി നിറം നൽകിയതെന്നായിരുന്നു അബു ആസ്മിയുടെ ആരോപണം. 30ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഇന്ത്യൻ ടീം ഓറഞ്ച് ജേഴ്സി അണിയുക. 

കോൺഗ്രസ് എം.എൽ.എ നസീം ഖാനും ജേഴ്സിയുടെ നിറം മാറ്റത്തിൽ പ്രതികരിച്ചു. കായികമോ സാസ്കാരികമോ വിദ്യാഭ്യാസപരമോ എന്തുമാകട്ടെ, അവയിലെല്ലാം കാവിവത്കരണം നടപ്പാക്കുകയാണ്. ഇത് ഇന്ത്യയുടെ ഐക്യത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ വൻ പരാജയത്തെ അഭിമുഖീകരിക്കുകയാണെന്നും അതിനാലാണ് അവർ ഇത്തരം ബാലിശമായ കാര്യങ്ങൾ സംസാരിക്കുന്നതെന്നും ശിവസേന വക്താവ് പറഞ്ഞു. കാവി ദേശീയപതാകയിലുള്ള നിറമാണെന്നും അതിനോട് എന്തിനാണിത്ര വിരോധമെന്നും ശിവസേന വക്താവ് മനിഷാ കയാന്ദെ ചോദിച്ചു. 

ലോകകപ്പ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ ജഴ്സിയുടെ നിറവും നീല ആയതിനാലാണ് ഇന്ത്യന്‍ ടീമിന് സെക്കന്‍ഡ് ജഴ്സി അണിയേണ്ടി വരുന്നത്. ആതിഥേയ രാഷ്ട്രമായ ഇംഗ്ലണ്ട് ഒഴികെയുള്ള ടീമുകളോട് രണ്ടാം ജഴ്സി തയാറാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 

Loading...
COMMENTS