ത്രിരാഷ്ട്ര ട്വൻറി20: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
text_fieldsകൊളംബോ: ത്രിരാഷ്ട്ര ട്വൻറി20 ടൂർണമെൻറിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. മഴ മൂലം 19 ഒാവർ വീതമാക്കി കുറച്ച മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ആതിഥേയർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തപ്പാൾ ഇന്ത്യ ഒമ്പത് പന്ത് ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തുകയായിരുന്നു.
31 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 42 റൺസുമായി പുറത്താവാതെ നിന്ന മനീഷ് പാണ്ഡെയും 25 പന്തിൽ അഞ്ച് ബൗണ്ടറിയടക്കം 39 റൺസുമായി നോട്ടൗട്ടായ ദിനേശ് കാർത്തികുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്്. സുരേഷ് റെയ്ന (27), ലോകേഷ് രാഹുൽ (18), ക്യാപ്റ്റൻ രോഹിത് ശർമ (11), ശിഖർ ധവാൻ (എട്ട്) എന്നിവരാണ് പുറത്തായത്.

നേരത്തേ, മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. ഇതേതുടർന്ന് ഒരോ ഒാവർ വീതം കുറച്ചു. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബൗളർമാർ അവസരത്തിനൊത്തുയർന്നപ്പോൾ ലങ്കക്ക് മികച്ച സ്കോറുയർത്താനായില്ല. നാല് ഒാവറിൽ 27 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ശാർദുൽ താക്കൂറാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. രണ്ട് വിക്കറ്റെടുത്ത സ്പിന്നർ വാഷിങ്ടൺ സുന്ദർ മികച്ച പിന്തുണ നൽകി. ജയ്ദേവ് ഉനദ്കട്, യുസ്വേന്ദ്ര ചഹൽ, വിജയ് ശങ്കർ എന്നിവർ ഒാരോ വിക്കറ്റ് വീതം നേടി.
അർധ സെഞ്ച്വറി നേടിയ ഒാപണർ കുശാൽ മെൻഡിസ് (38 പന്തിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 55) ആണ് ലങ്കക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ധനുഷ്ക ഗുണതിലക (17), ഉപുൽ തരംഗ (22), തിസാര പെരേര (15), ദസുൻ ശാനക (19) എന്നിവരും തരക്കേടില്ലാതെ ബാറ്റുചെയ്തു. കുശാൽ പെരേര (മൂന്ന്), ജീവൻ മെൻഡിസ് (ഒന്ന്), അഖില നധഞ്ജയ (അഞ്ച്), ദുഷ്മന്ത ചമീര (പൂജ്യം) എന്നിവർ ചെറിയ സ്കോറിന് പുറത്തായി. സുരംഗ ലക്മൽ (അഞ്ച്), നുവാൻ പ്രദീപ് (പൂജ്യം) എന്നിവർ പുറത്താവാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
