ഇരുപതാം ഓവർ മെയ്ഡൻ; അരങ്ങേറ്റത്തിൽ റെക്കോർഡിട്ട് നവദീപ് സൈനി

10:18 AM
04/08/2019

ട്വൻറി20 മത്സരത്തിൽ ഇരുപതാം ഓവർ മെയ്ഡനാക്കിയ ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡ് നവദീപ് സൈനിക്ക് സ്വന്തം. വെസ്റ്റ് ഇൻഡീസിനെതിരായ തൻെറ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിലാണ് സൈനിയുടെ നേട്ടം. മത്സരത്തിൽ നവദീപ് സൈനി 17 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. 

മുൻ ന്യൂസിലൻഡ് സ്പിന്നർ ജീതൻ പട്ടേൽ (2008), പാക് ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ (2010), സിംഗപ്പൂർ താരം ജനക് പ്രകാശ് (2019) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് മൂന്ന് ബൗളർമാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 95 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ 17.2 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം പൂർത്തീകരിച്ചത്. 

150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന നവദീപ് സൈനി വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ എക്കായി മികച്ച പ്രകടനം  പുറത്തെടുത്തിരുന്നു. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ വ്യക്തിയാണ് സൈനി. ഇതാണ് സീനിയർ ടീമിലേക്ക് സൈനിയെ പരിഗണിക്കാനിടയാക്കിയത്. നിലവിൽ ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും വേഗത സൈനിയാണ് 152.85 കിലോമീറ്റർ. ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡയുടെ 154.23 കിലോമീറ്റർ വേഗതക്ക് തൊട്ടുതാഴെ രണ്ടാമത്. ആഭ്യന്തര തലത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച സൈനി ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് കളിക്കുന്നത്. 

 

Loading...
COMMENTS