ന്യൂഡൽഹി: ഇന്ത്യൻ സേനക്കൊപ്പം ചേരാനുള്ള ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് മുൻ സഹതാരം ഗൗതം ഗംഭീർ. ധോണിയുടെ തീരുമാനത്തെ പിന്തുണക്കുന്നതായും കരസേനയെ സേവിക്കുന്നതിൽ അദ്ദേഹം എത്രത്തോളം ഗൗ രവാനാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും ഗംഭീർ പ്രതികരിച്ചു.
ധോണി പ്രതിരോധ സേനക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ എല്ലായ്പ്പോഴും വിമർശിക്കാറുണ്ടായിരുന്നു, എന്നിട്ട് മതി അദ്ദേഹത്തിന് ടെറിട്ടോറിയൽ ആർമിയുടെ യൂണിഫോം നൽകേണ്ടത് എന്നും പറഞ്ഞിരുന്നു. ഇന്ന് ആ യൂണിഫോമിനോട് തനിക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്ന് എം.എസ് ധോണി രാജ്യത്തിന് മുഴുവൻ കാണിച്ചുതന്നു.
കശ്മീരിൽ പോയി സൈന്യത്തെ സേവിക്കാനും പെട്രോളിംഗ് നടത്താനും അദ്ദേഹം സ്വീകരിച്ച നടപടി ചരിത്രപരമാണ്. ഇത് രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കും, അദ്ദേഹത്തിന് ഒരു വലിയ റോൾ മോഡലാകാൻ കഴിയും.
ക്രിക്കറ്റിൽ നിന്ന് രണ്ട് മാസത്തെ അവധിയെടുത്താണ് തൻെറ യൂണിറ്റിനെ സേവിക്കാൻ ധോണി എത്തുന്നത്. നിലവിൽ കശ്മീർ താഴ്‌വരയിലുള്ള വിക്ടർ ഫോഴ്സിനൊപ്പം 2019 ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ ധോണി ഉണ്ടാകും. 38 കാരനായ ധോണി പട്രോളിംഗ്, ഗാർഡ്, പോസ്റ്റ് ഡ്യൂട്ടി എന്നീ ചുമതലകളും ഇക്കാലയളവിൽ നിർവഹിക്കുപം. ഈ കാലയളവിൽ സൈനികരോടൊപ്പമായിരിക്കും ധോണിയുടെ താമസം.