പുണെ: ആദ്യ ടെസ്റ്റൽ നിർത്തിയിടത്തു നിന്നും മായങ്ക് അഗർവാൾ തുടങ്ങി. പതിവുപോലെ രോഹിത് ശർമ ഉജ്ജവലമായ ഒരു മത്സരത്തിനു ശേഷമുള്ള സ്വതസിദ്ധമായ ആലസ്യത്തിലുമായി. ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ ആദ്യ കളിയിലെ പിഴവുകൾ പരിഹരിച്ച് ബാറ്റേന്തുന്നു. കഗീസോ റബാദ വിക്കറ്റുകൾ പിഴുതു മുന്നേറുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻെറ ആദ്യ ദിവസത്തെ കളിയെ ഇങ്ങനെ ആറ്റിക്കുറുമ്പോൾ ഇന്ത്യൻ സ്കോർ മുന്ന് വിക്കറ്റ് നഷ്ടത്തിൽ 273 എന്ന ശക്തമായ നിലയിലാണ്.
ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത ആത്മവിശ്വാസവുമായി രണ്ടം ടെസ്റ്റിനിറങ്ങിയ ഇന്ത്യ സ്കോർ ബോർഡിൽ 25 റൺസ് കുറിച്ചപ്പോൾ തന്നെ കഴിഞ്ഞ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സഞ്ച്വറി കുറിച്ച രോഹിത് ശർമയെ നഷ്ടമായത് ഞെട്ടിച്ചുകളഞ്ഞു. റബദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിൻറൻ ഡി കോക് പിടിച്ച് പുറത്താകുമ്പോൾ 35 പന്തിൽ 14 റൺസ് മാത്രമായിരുന്നു രോഹിതിൻെറ സംഭാവന. പക്ഷേ, മറുവശത്ത് മായങ്ക് അഗർവാൾ ഉറച്ചുതന്നെയായിരുന്നു. കൂട്ടിന് ചേതേശ്വർ പൂജാരയെ കിട്ടിയതോടെ ആദ്യ ടെസ്റ്റിൻെറ മൂഡിലേക്ക് മായങ്ക് മാറുന്ന കാഴ്ചയാണ് എം.സി.എ സ്റ്റേഡിയം കണ്ടത്...
ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസുമായാണ് ഇന്ത്യ ലഞ്ചിനു പിരിഞ്ഞത്. ഭക്ഷണ ശേഷം കളി പുനരാരംഭിച്ചപ്പോൾ മായങ്ക് 112 പന്തിൽ നിന്ന് അർധ സെഞ്ച്വറി കുറിച്ചു. വൈകാതെ ചേതേശ്വർ പൂജാര 107 പന്തിൽ നിന്ന് അർധ സെഞ്ച്വറി കടന്നു.
112 പന്തിൽ 58 റൺസെടുത്ത പൂജാരയെ ഫാഫ് ഡുപ്ലസിസിൻെറ കൈയിൽ എത്തിച്ച് വീണ്ടു റബദ ആഞ്ഞടിച്ചു.
മായങ്കിന് കൂട്ടായി ക്യാപ്റ്റൻ വിരാട് കോഹ്ലി വന്നതോടെ കളി മാറി. 183 പന്തിൽ സീസണിലെ രണ്ടാമത്തെ സെഞ്ച്വറി പൂർത്തിയാക്കി മായങ്ക് അഗർവാൾ ഓപ്പണിങ്ങിൽ ഒരിക്കൽ കൂടി താൻ തന്നെ അനുയോജ്യൻ എന്നു തെളിയിച്ചു. സ്കോർ 198ൽ ഡ്രിങ്ക്സിനു മുമ്പായി മായങ്കിനെ പുറത്താക്കി റബാദ വിക്കറ്റ് നേട്ടം മൂന്നാക്കി. ഫാഫ് ഡുപ്ലസിസിനു തന്നെയായിരുന്നു ക്യാച്.
തുടർന്ന് നാലാം വിക്കറ്റിൽ കോഹ്ലിയും അജിൻക്യ രഹാനെയും നഷ്ടങ്ങളില്ലാതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. കരിയറിലെ 23ാമത്തെ അർധ സെഞ്ച്വറിയുമായി 105 പന്തിൽ 63 റൺസോടെ കോഹ്ലിയും 70 പന്തിൽ 18 റൺസുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
18.1 ഓവറിൽ 48 റൺസ് വഴങ്ങിയാണ് കഗീസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.