മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍കറുടെ മകള്‍ സാറയെ ടെലിഫോണിലൂടെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ കിഴക്കന്‍ മിഡ്നാപുരിലെ മഹിഷാദല്‍ സ്വദേശി ദേബ്കുമാര്‍ മൈതിയെയാണ് ഞായറാഴ്ച മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മുംബൈയില്‍ എത്തിക്കും. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ സാറ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ടെലിഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കെണ്ടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സചിെൻറ വീട്ടിലെ നമ്പറില്‍ വിളിച്ച് സാറയെക്കുറിച്ച് മോശമായി സംസാരിക്കുകയും വിവാഹ അഭ്യര്‍ഥന നടത്തുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ക്രിക്കറ്റ് മാച്ചിനിടെ പവലിയനില്‍ ഇരിക്കുന്ന സാറയെ ടെലിവിഷനിലൂടെ മാത്രമാണ് കണ്ടതെന്നും അതോടെ പ്രണയം തോന്നിയെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അവളെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ യുവാവ് താന്‍ നമ്പര്‍ സംഘടിപ്പിച്ച് 20 തവണ വിളിച്ചതായും മൊഴി നല്കി. എന്നാൽ, ദേബ്കുമാര്‍ മനോരോഗിയാണെന്നും എട്ടു വര്‍ഷമായി ചികിത്സയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.