ഇന്ത്യ 622ന് ഡിക്ലയർ ചെയ്തു; ശ്രീലങ്ക രണ്ടിന് 50
text_fieldsകൊളംേബാ: രണ്ട് സെഞ്ച്വറികൾ കുറിച്ച മുന്നേറ്റ നിരക്ക് പിന്തുണ നൽകി അർധ സെഞ്ച്വറികളുമായി മധ്യനിര ഒപ്പം പിടിച്ചപ്പോൾ ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. വൻമതിലുകളായ പുജാരയുടെയും രഹാനയുടെയും സെഞ്ച്വറികൾക്ക് പിറകെ, ഒാൾറൗണ്ടർമാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ചതോടെ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഡിക്ലയർ ചെയ്തത് 622 റൺസിന്. റൺമലകണ്ട് പേടിച്ച് ക്രീസിലെത്തിയ ശ്രീലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുേമ്പാൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെടുത്തിട്ടുണ്ട്. ഒാപണർമാരായ കരുണരത്നയും(25) ഉപുൽ തരങ്കയുമാണ്(0) പുറത്തായത്. അശ്വിനാണ് രണ്ടു വിക്കറ്റുകളും. 16 റൺസുമായി കുശാൽ മെൻഡിസും എട്ടുറൺസുമായി ദിനേശ് ചണ്ഡിമലുമാണ് ക്രീസിൽ.
മൂന്നിന് 344 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക്, സെഞ്ച്വറിയുമായി നിലയുറപ്പിച്ച പുജാരയെയും(133) രഹാനെയെയും(132) ആദ്യം നഷ്ടമായി. കരുണ രത്നയുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങി പുജാര പുറത്തായപ്പോൾ, പുഷ്പകുമാരയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡിക്വെല്ലക്ക് ക്യാച്ച് നൽകിയാണ് രഹാനെ പുറത്തായത്. എന്നാൽ, അശ്വിൻ (54), സാഹ (67), ജദേജ (70) എന്നിവരടങ്ങിയ മധ്യനിര ഇന്ത്യയുടെ സ്കോർ വീണ്ടും ഉയർത്തി. അശ്വിെൻറ 11ാം ടെസ്റ്റ് അർധസെഞ്ച്വറിയാണിത്. ഇതോടെ 200 വിക്കറ്റും 2000 റൺസും നേടുന്ന നാലാം ലോക താരമായിമാറി. ആക്രമിച്ച് കളിച്ച ഹാർദിക് പാണ്ഡ്യ(20) പെെട്ടന്ന് പുറത്തായി. മുഹമ്മദ് ഷമി രണ്ടു സിക്സും ഒരു ഫോറുമായി 19 റൺസെടുത്തു. ഉമേഷ് യാദവ് എട്ടു റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ലോകേഷ് രാഹുലും (57) അർധ സെഞ്ച്വറി നേടിയിരുന്നു.