ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ഏകദിനത്തിൽ വിരാട് കോഹ്ലി നേടിയത് തൻെറ അന്താരാഷ്ട്ര കരിയറിലെ 33ാം ശതകമായിരുന്നു. ഇന്ത്യൻ നായകനായി 11 സെഞ്ച്വറികൾ നേടുന്ന താരമെന്ന ഗാംഗുലിയുടെ റെക്കോർഡിനൊപ്പവും കോഹ്ലിയെത്തി. 147 ഏകദിനങ്ങളിൽ നിന്നാണ് ഗാംഗുലിയുടെ നേട്ടമെങ്കിൽ 44 മത്സരങ്ങളിൽ നിന്നാണ് കോഹ്ലിയുടെ 11 സെഞ്ച്വറികൾ. ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങാണ് ഇക്കാര്യത്തിൽ ഒന്നാമത്. 22 സെഞ്ച്വറികളാണ് അദ്ദേഹം ഒാസീസ് ക്യാപ്റ്റനായിരിക്കെ കുറിച്ചത്.
താൻ കളിച്ച എല്ലാ രാജ്യത്തും സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും കോഹ്ലി ഇന്നലെ സ്വന്തമാക്കി. 45 അർധ സെഞ്ച്വറികളാണ് ഏകദിനത്തിൽ കോഹ്ലിയുടെ പേരിലുള്ളത്. സെഞ്ച്വറി നേട്ടത്തോടെ റൺ പിന്തുടർന്ന് കോഹ്ലി ടീമിനെ വിജയിപ്പിക്കുന്നത് ഇത് പതിനെട്ടാം തവണയാണ്.