ഹൈദരാബാദ്: വിജയ് ഹസാരെ ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. എലൈറ്റ് ഗ്രൂപ് റൗണ്ടിൽ ഹൈദരാബാദിനെതിരെ ഏഴു വിക്കറ്റിനാണ് സചിൻ ബേബിയും സംഘവും കീഴടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കേരളത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വി.എ. ജഗദീഷ് (62) അർധസെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ചെങ്കിലും മികച്ച ടോട്ടൽ പടുത്തുയർത്താനുള്ള കൂട്ടുകെട്ട് പിറന്നില്ല. സചിൻബേബി (31), ജലജ് സക്സേന (21), സൽമാൻ നിസാർ (25), വിഷ്ണു വിനോദ് (34 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു സംഭാവനകൾ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ അക്ഷത് റെഡ്ഡി (39), ആശിഷ് റെഡ്ഡി (37) എന്നിവർ നൽകിയ തുടക്കം മുതലെടുത്ത് രോഹിത് രായുഡു (57നോട്ടൗട്ട്), ബി. സന്ദീപ് (48 നോട്ടൗട്ട്) എന്നിവർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ തന്നെ ഹൈദരാബാദ് ലക്ഷ്യം കണ്ടു. ഡൽഹിയോടും ഹൈദരാബാദിനോടും തോറ്റതോടെ കേരളത്തിെൻറ നോക്കൗട്ട് സാധ്യത പൊലിഞ്ഞു. ആറ് കളിയിൽ മൂന്ന് തോൽവിയും രണ്ട് ജയവുമാണ് കേരളത്തിെൻറ സമ്പാദ്യം.