കൊച്ചി: ആജീവനാന്ത വിലക്ക് നീക്കപ്പെട്ട ശ്രീശാന്തിനെ ആഭ്യന്തര സീസണുകൾക്ക് മുന്നോടിയായി കേരളത്തിെൻറ പരിശീലന ക്യാമ്പിൽ ഉൾപ്പെടുത്താൻ അനുമതി തേടി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ബി.സി.സി.ഐക്ക് കത്തയച്ചു. ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് ഹൈകോടതി ഉത്തരവിലൂടെ നീങ്ങിയെന്നും നിയമപരമായ തടസ്സങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി ആക്ടിങ് പ്രസിഡൻറ്, സെക്രട്ടറി, സി.ഇ.ഒ എന്നിവർക്കാണ് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് കത്തയച്ചത്.
തിരിച്ചുവരവിന് തയാറാണെന്ന് ശ്രീശാന്ത് അസോസിയേഷനെ സന്നദ്ധത അറിയിച്ചെന്നും കത്തിലുണ്ട്. കത്തിന് അനുകൂലമായ നിലപാടെടുത്താൽ വരുന്ന ബിഹാർ ക്രിക്കറ്റ് ടൂർണമെൻറിൽ ശ്രീശാന്തിന് കേരളത്തിെൻറ ജഴ്സി അണിയാനാവും.
ഹൈകോടതി ഉത്തരവ് വന്നതിന് പിന്നാലെ ശ്രീശാന്തിനെ പിന്തുണച്ച് കെ.സി.എ രംഗത്ത് വന്നിരുന്നു. ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപറേഷൻ ജനറൽ മാനേജർ ഡോ. എം.വി. ശ്രീധരൻ എന്നിവരുമായി കെ.സി.എ നേരിട്ട് കോടതി വിധിയടക്കമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അനുകൂല തീരുമാനം കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.