കരുണ്‍ നായര്‍ കയ്യാലപ്പുറത്ത്

22:49 PM
08/02/2017

ഹൈദരാബാദ്: കഴിഞ്ഞ ദിവസം കോച്ച് കുംബ്ളെയായിരുന്നെങ്കില്‍ ഇത്തവണ ക്യാപ്റ്റന്‍ കോഹ്ലിയാണെന്നു മാത്രമേയുള്ളൂ. തിരക്കഥ ഒന്നുതന്നെ. ഡയലോഗിനു പോലും മാറ്റമില്ല. അപ്പോള്‍, കരുണ്‍ നായരുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. ഇനി മറിച്ചുവല്ലതും സംഭവിച്ചാല്‍ അതായിരിക്കും മറ്റൊരു അതിശയം. ബംഗ്ളാദേശിനെതിരെ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്നാരംഭിക്കുന്ന ഏക ടെസ്റ്റില്‍ ആദ്യ ഇലവനില്‍ കയറിക്കൂടാന്‍ മലയാളിയായ കരുണ്‍ നായര്‍ക്ക് നന്നേ കഷ്ടപ്പെടേണ്ടിവരുമെന്നുറപ്പായി. ഈ പറഞ്ഞ കരുണ്‍ നായരാണ് ഒന്നര മാസം മുമ്പ് ഇംഗ്ളണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ട്രിപ്ള്‍ സെഞ്ച്വറിയടിച്ചത്. വീരേന്ദ്ര സെവാഗിനു ശേഷം ട്രിപ്ള്‍ സെഞ്ച്വറി അടിച്ച ഇന്ത്യക്കാരന്‍ എന്ന ബഹുമതിയൊക്കെ കൈയിലിരിക്കട്ടെ എന്ന് കോച്ച് അനില്‍ കുംബ്ളെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ളെന്നും ഒരു ട്രിപ്ള്‍ സെഞ്ച്വറി അടിച്ചെന്ന കാരണത്താല്‍ ടീമിലുണ്ടാവാന്‍ സാധ്യതയില്ളെന്നുമായിരുന്നു കുംബ്ളെ ചൊവ്വാഴ്ച പ്രതികരിച്ചത്.

അങ്ങനെ കരുണ്‍ നായര്‍ ആദ്യ ഇലവനില്‍ പെടുമോ ഇല്ളേ എന്ന കാര്യം കയ്യാലപ്പുറത്തെ തേങ്ങ പോലെ ആടിയുലഞ്ഞിരിക്കുമ്പോഴാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി അനില്‍ കുംബ്ളെയുടെ ഡയലോഗ് ആവര്‍ത്തിച്ച് രംഗത്തുവന്നത്. ‘ഒരു ട്രിപ്ള്‍ സെഞ്ച്വറികൊണ്ട് മറയ്ക്കാന്‍ കഴിയുന്നതല്ല കഴിഞ്ഞ രണ്ടു വര്‍ഷമായി അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകള്‍’ എന്ന് കോഹ്ലിയും ആവര്‍ത്തിക്കുന്നു. ടെസ്റ്റില്‍ രഹാനെയുടെ പ്രകടനം സ്ഥിരതയുള്ളതാണെന്നും 50 റണ്‍സിനടുത്താണ് രഹാനെയുടെ ശരാശരിയെന്നും എടുത്തുപറഞ്ഞായിരുന്നു കോഹ്ലി മത്സരത്തലേന്ന് വാര്‍ത്തസമ്മേളനം നടത്തിയത്. ടീമിലേക്ക് തിരികെ വരാന്‍ രഹാനെ യോഗ്യനാണെന്നും കോഹ് ലി വ്യക്തമാക്കി.

ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കൈവിരലിന് പരിക്കേറ്റ് പുറത്തായ രഹാനെ ഫിറ്റ്നസ് തെളിയിച്ച് തിരികെ വന്നിരിക്കുകയാണ്. പരിക്കേറ്റ് പുറത്താകുന്നതിനു മുമ്പായി കളിച്ച മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്സുകളില്‍നിന്ന് രഹാനെ നേടിയത് വെറും 63 റണ്‍സായിരുന്നു. ഒടുവിലത്തെ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. അതേസമയം, ഒടുവിലത്തെ രണ്ടു ടെസ്റ്റുകളില്‍ കളിക്കാന്‍ അവസരം കിട്ടിയ കരുണ്‍ മൂന്ന് ഇന്നിങ്സില്‍ നിന്ന് 320 റണ്‍സാണ് നേടിയത്. അഞ്ചാം ടെസ്റ്റില്‍ പുറത്താകാതെ 3003 റണ്‍സടിച്ച് ചരിത്രമെഴുതുകയും ചെയ്തു. സചിനടക്കമുള്ള അതികായന്മാര്‍ക്ക് അപ്രാപ്യമായിരുന്ന ട്രിപ്ള്‍ സെഞ്ച്വറി നേടി വിസ്മയം തീര്‍ത്തതിനു തൊട്ടുടനെ നടക്കുന്ന ടെസ്റ്റില്‍ ക്രിക്കറ്റിലെ ശിശുക്കളായ ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ടീമിനു പുറത്തിരിക്കേണ്ടിവന്നാല്‍ കരുണിന്‍െറ ഭാവി പ്രകടനത്തെപ്പോലും അത് ബാധിച്ചേക്കാം. ഇനി ടീമില്‍ എടുത്താലും കോച്ചിന്‍െറയും ക്യാപ്റ്റന്‍െറയും പരാമര്‍ശങ്ങള്‍ ഈ യുവതാരത്തിന്‍െറ ആത്മവിശ്വാസത്തെയാവും ബാധിക്കുക.
അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി ഇറങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

മുരളി വിജയും ലോകേഷ് രാഹുലും ആയിരിക്കും ഓപണിങ്ങില്‍ ഇറങ്ങുക എന്ന് കുംബ്ളെ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉജ്ജ്വല ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ചേതേശ്വര്‍ പൂജാരക്കും ഇളക്കമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയും ടീമില്‍ ഇടം ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചാം ബാറ്റ്സ്മാന്‍െറ കാര്യത്തിലാണ് രഹാനെക്കും കരുണിനുമിടയില്‍ നറുക്കു വീഴുക. 32 ടെസ്റ്റുകള്‍ കളിച്ച 28കാരനായ രഹാനെക്കാണ് ടീം മാനേജ്മെന്‍റ് മുന്‍തൂക്കം നല്‍കുന്നതെന്നാണ് കോച്ചിന്‍െറയും ക്യാപ്റ്റന്‍െറയും പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്. എങ്കിലും അന്തിമ ഇലവന്‍ പ്രഖ്യാപിക്കുന്നതുവരെ അഞ്ചാം ബാറ്റ്സ്മാന്‍െറ കാര്യം അനിശ്ചിതത്വത്തിലാണ്. ബൗളര്‍മാരില്‍ ആര്‍. അശ്വിനും രവീന്ദ്ര ജദേജയും തന്നെയാവും ഇന്ത്യയുടെ കുന്തമുനകള്‍. പരിക്കേറ്റ അമിത് മിശ്രക്കു പകരം കുല്‍ദീപ് യാദവിനെ ടീമില്‍ എടുത്തിട്ടുണ്ട്.
ആദ്യമായാണ് ബംഗ്ളാദേശ് ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീമിന്‍െറ കീഴില്‍ ഇറങ്ങുന്ന ടീമില്‍ ഏറ്റവും പരിചയസമ്പന്നന്‍ ഷാക്കിബ് അല്‍ ഹസന്‍ തന്നെ. 78 റണ്‍സുകൂടി നേടിയാല്‍ മുഷ്ഫിഖുര്‍ റഹീമിന് 3000 റണ്‍സ് തികക്കാം.

ടീം ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കരുണ്‍ നായര്‍, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജയന്ത് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അഭിനവ് മുകുന്ദ്, കുല്‍ദീപ് യാദവ്
ബംഗ്ളാദേശ്: മുഷ്ഫിഖുര്‍ റഹീം (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), തമിം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, മഹ്മൂദുല്ല റിയാദ്, മൊമിനുല്‍ ഹഖ്, സബ്ബിര്‍ റഹ്മാന്‍, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, ടസ്കിന്‍ അഹ്മദ്, മെഹ്ദി ഹസന്‍ മിര്‍സ, മുസദ്ദിഖ് ഹുസൈന്‍, കമറുല്‍ ഇസ്ലാം റബ്ബി, സുഭാശിഷ് റോയ്, തൈജുല്‍ ഇസ്ലാം, ഷഫീഉല്‍ ഇസ്ലാം.

COMMENTS