ലഖ്നൗ: കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന കനിക കപൂർ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ലഖ്നൗവിൽ തങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ ടീമും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഇന്ത്യയുമായുള്ള പരമ്പര നീട്ടിവെച്ചതിനാൽ അവർ ഹോട്ടലിൽ താമസിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച കനിക കപൂർ മാർച്ച് 11 മുതൽ ലഖ്നൗവിലെ ഹോട്ടലിലായിരുന്നു. അവിടെ നടന്ന ഭക്ഷണ വിരുന്നിൽ കനിക പങ്കെടുത്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബഫറ്റിൽ നിരവധിയാളുകൾ പങ്കെടുത്തിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കൻ ടീമംഗങ്ങൾ ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
ഹോട്ടലിൽ നടന്ന ഒരു ന്യൂസ് ചാനലിൻെറ വാർഷിക കോൺക്ലേവിലും കനിക പങ്കെടുത്തിരുന്നു. ബോളിവുഡ് ഗായികയുമായി ചടങ്ങിൽ ആരൊക്കെ അടുത്തിടപഴകിയെന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
ഇംഗ്ലണ്ട് സന്ദർശനത്തിലായിരുന്ന കനിക മാർച്ച് പകുതിയോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. തുടർന്ന് സ്വയം സമ്പർക്ക വിലക്കിലേക്ക് പോകാതെ വിവിധ പരിപാടികൾ പങ്കെടുത്തു കറങ്ങിനടന്ന കനികക്കുനേരെ കടുത്ത വിമർശനങ്ങളാണുയരുന്നത്. ലക്നോയിൽ നടന്ന പാർട്ടിക്കിടെ കനികയെ കണ്ട മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, അവരുടെ മകനും ബി.ജെ.പി എം.പിയുമായ ദുഷ്യന്ത് സിങ് തുടങ്ങിയവർ ഐസൊലേഷനിലേക്ക് മാറിയിരുന്നു.