രണ്ട് മാസം സൈന്യത്തോടൊപ്പം; ധോണി വിൻഡീസ് പര്യടനത്തിനില്ല

13:43 PM
20/07/2019

മുംബൈ: വിരമിക്കൽ വാർത്തകൾ സജീവമായിരിക്കെ അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമ​​െൻറിൽ ചേരുകയാണെന്ന് മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചു.  അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇതോടെ ധോണിയുണ്ടാകില്ല. ടെറിട്ടോറിയൽ ആർമിയുടെ പാരച്യൂട്ട് റെജിമെന്റിൽ ലെഫ്റ്റനൻറ് കേണലിൻെറ ഹോണററി പദവി വഹിക്കുകയാണ് ധോണി.

ടീമിനെ പ്രഖ്യാപിക്കാൻ എം‌.എസ്‌.കെ പ്രസാദിൻെറ നേതൃത്വത്തിലുള്ള ബി.സി.സി.ഐ സെലക്ഷൻ പാനൽ ഞായറാഴ്ച യോഗം ചേരും. ആഗസ്റ്റ് മൂന്ന് മുതൽ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് വെസ്റ്റ് ഇൻഡീസിൽ ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ട് മുതൽ 30വരെ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ധോണിക്ക് ഉടൻ പദ്ധതിയില്ലെന്ന് അദ്ദേഹത്തിൻെറ ദീർഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുൺ പാണ്ഡെ പറഞ്ഞു.അദ്ദേഹത്തിന് ഉടനടി വിരമിക്കാനുള്ള പദ്ധതികളൊന്നുമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരൻെറ ഭാവിയെക്കുറിച്ചുള്ള നിരന്തരമായി ഉൗഹങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണ്- അരുൺ പാണ്ഡെ വ്യക്തമാക്കി.

Loading...
COMMENTS