ദുബൈ: അഴിമതി വിരുദ്ധ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് കാണിച്ച് ശ്രീലങ്കയുടെ ഇതിഹാസതാരം സനത് ജയസൂര്യക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ (െഎ.സി.സി) കാരണം കാണിക്കൽ നോട്ടീസ്. സമിതിയുമായി നിസ്സഹകരിച്ചതിന് അഴിമതിവിരുദ്ധ ചട്ടപ്രകാരം രണ്ട് കുറ്റങ്ങൾ ജയസൂര്യക്കുമേൽ ചുമത്തിയ െഎ.സി.സി കാരണം കാണിക്കാൻ രണ്ടാഴ്ചത്തെ സമയവും നൽകി.
ശ്രീലങ്കൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ സമിതി 2015ൽ തുടങ്ങിയ അന്വേഷണവുമായി സഹകരിക്കാൻ ജയസൂര്യ തയാറാവാത്തതാണ് െഎ.സി.സിയെ പ്രകോപിപ്പിച്ചത്.
സമിതി ആവശ്യപ്പെട്ടതു പ്രകാരമുള്ള വിവരങ്ങൾ നൽകാത്തതിന് െഎ.സി.സി അഴിമതിവിരുദ്ധ നിയമത്തിലെ ആർട്ടിക്ക്ൾ 2.4.6, അന്വേഷണത്തിന് സഹായകരമാവുന്ന വിവരങ്ങൾ നശിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്തതിന് ആർട്ടിക്ക്ൾ 2.4.7 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.