െചന്നൈ: െഎ.എസ്.എൽ നാലാം സീസണിൽ ജയിച്ച് തുടങ്ങാൻ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയും സ്പാനിഷ് തന്ത്രങ്ങളിൽ ഒരുക്കം തകൃതിയാക്കിയ എഫ്.സി ഗോവയും ഞായറാഴ്ച നേർക്കുനേർ. കഴിഞ്ഞ സീസണിലെ നിരാശ മറന്ന് ഏറെ മാറ്റത്തോടെയാണ് ഇരു ടീമുകളും കളത്തിലെത്തുന്നത്. മൂന്നു സീസണിൽ ചെന്നൈയിനെ കളിപഠിപ്പിച്ച മാർകോ മറ്റരാസിക്ക് പകരക്കാരനായി എത്തിയ ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറിയുടെ തന്ത്രങ്ങളിലാണ് ഇത്തവണ ചെന്നൈയിൻ സംഘം കളത്തിലെത്തുന്നത്.
അതേസമയം, സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ച മികവോടെ ഇന്ത്യയിലേക്കെത്തിയ സെർജിയോ ലൊബേറയാണ് കുമ്മായവരക്കരികിൽ നിന്ന് ഗോവക്ക് നിർദേശങ്ങൾ നൽകുന്നത്. ചെന്നൈയിനിെൻറ തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ െവെകീട്ട് 5.30നാണ് മത്സരം. ഇന്ത്യൻ ടീമിെൻറ നെടുന്തൂണായ ജെജെ ലാൽപെഖ്ലുവയും മലയാളിതാരം മുഹമ്മദ് റാഫിയും അടങ്ങുന്നതാണ് ചെന്നൈയിൻ മുന്നേറ്റനിര. മറുവശത്ത് ആറ് സ്പാനിഷ് താരങ്ങളുമായാണ് ഗോവയുടെ വരവ്. സ്പാനിഷ് ക്ലബ് ജീറോണയുടെ ഫെറേൻ കൊറേമിനാസ്, ലാസ് പാൽമാസ് താരം അഡ്രിയാൻ കൊളുങ്ക എന്നിവരാണ് ടീമിലെ ശ്രദ്ധേയ വിദേശ താരങ്ങൾ.