എം.എസ്. ധോണിയും സംഘവും ഏകദിന ലോക കിരീടമുയർത്തിയ 2011ൽ പാർലമെൻറ് അംഗായ ശശി തരൂർ ഇന്ത്യൻ ക്രിക്കറ്റിലെ പരാജയപ്പെട്ടുപോയ താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ അവരിൽ ഒരു പേര് ഇർഫാൻ പത്താനായിരുന്നു. അതിനകം ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനവും കളിച്ച് ബാ റ്റിലും ബൗളിലും ഒരുപോലെ തിളങ്ങിയ ഇർഫാനെ, പരാജയപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുേമ്പാൾ ക്രിക്കറ്റ് പണ്ഡിറ്റ്കൂടിയായ തരൂർ ഇങ്ങനെ കുറിച്ചു -‘സ്വിങ് പന്തുകളുടെ ഇന്ദ്രജാലം തീർത്ത് 2003 പാകിസ്താനെതിരെ ഏകദിന പരമ്പര വിജയവും, രണ്ടു വർഷത്തിനു ശേഷം അതേ എതിരാളികൾക്കെതിരെ ഹാട്രിക്കും, അതേവർഷം അവർക്കെതിരെ ടെസ്റ്റിൽ സെഞ്ച്വറിയും 2008ൽ ആസ്ട്രേലിയക്കെതിരെ ബാറ്റിലും ബൗളിലും തിളങ്ങി വിജയവും മാൻ ഓഫ് ദ മാച്ചും, ട്വൻറി20 ലോകകപ്പിലെ സൂപ്പർതാരമായി കിരീടവും സമ്മാനിച്ച ഒരു താരം ഈ പട്ടികയിൽപെടുന്നത് നിർഭാഗ്യമാണ്. പ്രതിഭ വേണ്ടുവോളമുണ്ടായിട്ടും 25ാം വയസ്സിൽ പാലകാരണങ്ങളാൽ പുറന്തള്ളപ്പെട്ടവൻ.’ തരൂർ എഴുതിയതായിരുന്നു സത്യം.
ഗുജറാത്ത് ബറോഡയിലെ മുസ്ലിംപള്ളിയിലെ ബാങ്കുവിളിക്കാരനായ പിതാവിന് രണ്ട് ആൺമക്കളും മതപണ്ഡിതനാവണമെന്നായിരുന്നു ആഗ്രഹം. പിതാവിനൊപ്പം പള്ളി വരാന്തയിൽ ദിവസം മുഴുവൻ കഴിച്ചുകൂട്ടുന്ന കുട്ടികൾ അവിടം ക്രിക്കറ്റ് ക്രീസാക്കി മാറ്റി. പള്ളിക്കകത്തും പുറത്തും മക്കളുടെ ക്രിക്കറ്റ് അതിരുവിടുേമ്പാൾ ആ പിതാവിന് പലവട്ടം കമ്മിറ്റി ഭാരവാഹികളോട് മാപ്പു ചോദിക്കേണ്ടിയും വന്നു. അവിടെ നിന്നും തുടങ്ങിയതായിരുന്നു ഇർഫാൻ പത്താെൻറയും രണ്ട് വയസ്സിന് മുതിർന്ന സഹോദരൻ യൂസുഫ് പത്താെൻറയും ക്രിക്കറ്റ് യാത്ര.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദത്ത ഗെയ്ക് വാദാണ് ഇരുവരെയും കൈപിടിച്ചുയർത്തുന്നത്. അണ്ടർ 14 ബറോഡ ടീമിൽ ഇടം പിടിച്ചതോടെ ഇർഫാെൻറ യാത്രക്ക് വേഗം കൂടി. 2000ത്തിൽ ഇന്ത്യൻ അണ്ടർ 15 ടീമിലും പിന്നാലെ, അണ്ടർ 19 ഇന്ത്യൻ ടീമിലുമെത്തി. വിക്കറ്റുകൾ കൊയ്തും റൺസ് വാരിക്കൂട്ടിയും ഓൾറൗണ്ട് മികവ് പുറത്തെടുത്ത താരം ഒരു ഏകദിനത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തി 2004ലെ ലോകകപ്പ് ടീമിൽ ഇടം പിടിച്ചു. എന്നാൽ, അതിനും മുേമ്പ സഹീർഖാന് പകരക്കാരനായി അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യൻ ടീമിലെത്തി. മാത്യൂ ഹെയ്ഡെൻറ വിക്കറ്റ് വീഴ്ത്തിയായിരുന്നു തുടക്കം. 2006ൽ പാകിസ്താൻ സന്ദർശിച്ചപ്പോഴായിരുന്നു മാസ്മരികം. കളിയിലെ ഓപണിങ് ഓവറിൽ തന്നെ ഹാട്രിക് വീഴ്ത്തി കുറിച്ച റെേകാഡ് ഇന്നും ഇളക്കമില്ലാതെ നിലനിൽക്കുന്നു. ഉപഭൂഖണ്ഡത്തിലും ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട് പിച്ചുകളിലും ഇർഫാൻ സ്വിങ്ങും പേസുംകൊണ്ട് വിസ്മയം തീർത്തു. പെർത്തിലെ ഇന്ത്യൻ വിജയത്തിൽ 74 റൺസും ആറ് വിക്കറ്റുമായി വിജയശിൽപിയായി. എന്നാൽ, പിന്നീട് രണ്ട് ടെസ്റ്റിൽ മാത്രമേ അദ്ദേഹത്തിന് കളിക്കാനായുള്ളൂ. വിടാതെ പിന്തുടർന്ന പരിക്കുകൾ ടീമിൽ തിരിച്ചെത്താനുള്ള വഴികളടച്ചു. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികവ് നിലനിർത്തിയെങ്കിലും ദേശീയ ടീമിലേക്ക് വീണ്ടുമൊരു തിരിച്ചുവരവിന് അധികൃതർ അവസരം നൽകിയില്ല. ജമ്മു-കശ്മീരിെൻറ പരിശീലക റോളിൽ കാണാനാവുമെന്ന് ആശ്വസിക്കാം.