സൺറൈസേഴ്സ് ഹൈദരാബാദ്
വിദേശ താരങ്ങളുടെ മടക്കം ഏറ്റവും കൂടുതൽ ബാധിക്കുന്ന ടീമുകളിലൊന്ന്. ബാറ്റിങ് നട്ടെല്ലായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയുമാണ് ടീമിനെ പ്ലേ ഓഫിന് അരികിലെത്തിച്ച് മടങ്ങുന്നത്. ബെയർസ്റ്റോ നേരത്തെ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാനായി മടങ്ങി. ഇരുവരുടെയും മടക്കത്തോടെ ടീം കോംബിനേഷനിലും പ്രകടനത്തിലും സാരമായ മാറ്റങ്ങൾ വീക്ഷിക്കാനാകും.
രാജസ്ഥാൻ റോയൽസ്
താരങ്ങളുടെ മടക്കം ഏറെ ബാധിക്കുന്ന ടീം. ഇംഗ്ലീഷ് ത്രിമൂർത്തികളായ ബട്ലർ-സ്റ്റോക്സ് -ആർച്ചർ എന്നിവർ സൃഷ്ടിക്കുന്ന ശൂന്യതയാണ് പ്രധാനം. ബാറ്റിങ് നിരയായിരുന്നു രാജസ്ഥാന്റ പ്രധാന പ്രശ്നം. എന്നാൽ, ജോസ് ബട്ലറിനെ ഓപ്പണിങ്ങിൽ പരീക്ഷിച്ച് വിജയിക്കുകയും മുൻ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് മടങ്ങിയെത്തുകയും ചെയ്തതോടെ ഇതിൽ മാറ്റം വന്നു തുടങ്ങി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിങ്ങിലും ഒരേ പോലെ തിളങ്ങുന്ന ബെൻ സ്റ്റോക്സും കൂടിയുള്ളപ്പോൾ ഓൾറൗണ്ടറേയും തപ്പേണ്ട കാര്യമില്ലായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. കൂട്ടത്തോടെയാണ് മടക്കം. ഒടുവിലായി നായകൻ സ്മിത്തും ടേണറും മടങ്ങുന്നു.

ചെന്നൈ സൂപ്പർ കിങ്സ്
മഞ്ഞപ്പടയിൽനിന്നും ഇംഗ്ലീഷ് താരങ്ങളായ സാം ബില്ലിങ്സും ഡേവിഡ് വില്ലിയും നേരത്തെ മടങ്ങി. വിക്കറ്റ് കീപ്പർ ഫാഫ് ഡുപ്ലെസിസും ഇംറാൻ താഹിറും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ വിളിയും പ്രതീക്ഷിച്ചിരിക്കുകയാണ്. .
മുംബൈ ഇന്ത്യൻസ്
തുടക്കത്തിൽ വെടിക്കെട്ട് പ്രകടനങ്ങളോടെ മുംബൈക്ക് മികച്ച അടിത്തറയേകുന്ന ദക്ഷിണാഫ്രിക്കൻ താരം ക്വിൻറൺ ഡികോക്കിന്റെ ഇന്നിങ്സുകൾ ആരാധകർ മിസ് ചെയ്യുമെന്നുറപ്പാണ്. സീസണിൽ സെൻസേഷനൽ പ്രകടനം പുറത്തെടുത്ത വിൻഡീസ് താരം അൽസാരി ജോസഫ് പരിക്കേറ്റ് നേരത്തെ മടങ്ങിയിരുന്നു. ജേസൺ ബെഹ്റൻ ഡോർഫും ലസിത് മലിംഗയും ലോകകപ്പ് കാരണത്താൽ മടങ്ങുന്നു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
അവസാനവേളയിൽ സടകുടഞ്ഞ് എഴുന്നേറ്റ ആർ.സി.ബി ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മു ഈൻ അലിയോടും വെറ്ററൻ താരം ഡെയ്ൽ സ്റ്റെയ്നോടുമാണ്. എന്നാൽ, ടീമിന് തിരിച്ചടിയായി സ്റ്റെയ്ൻ പരിക്കേറ്റും അലി ടീമിനൊപ്പം ചേരാനുമായും മടങ്ങുന്നു. ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസും ഉടൻ ആസ്ട്രേലിയക്കൊപ്പം ചേരാനായി നാട്ടിലേക്ക് മടങ്ങും.
കിങ്സ് ഇലവൻ പഞ്ചാബ്
ഒറ്റക്ക് കളിതിരിക്കുന്ന ഡേവിഡ് മില്ലറിനെയാണ് നഷ്ടമാവുന്നത്. ഒമ്പത് ഇന്നിങ്സുകളിലായി 202 റൺസ് സ്കോർ ചെയ്ത ദക്ഷിണാഫ്രിക്കൻ താരത്തിന്റെ അസാന്നിധ്യം ഫീൽഡിലും പ്രതിഫലിക്കും.

ഡൽഹി കാപിറ്റൽസ്
പർപ്പിൾ ക്യാപ് തലയിലണിയുന്ന ദക്ഷിണാഫ്രിക്കൻ ബൗളർ കാഗിസോ റബാദ മടങ്ങുന്നത് പ്ലേ ഓഫ് ഉറപ്പിച്ച തലസ്ഥാനക്കാരുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വിലങ്ങുതടിയാകാൻ സാധ്യതയുണ്ട്. 25 വിക്കറ്റുകളാണ് താരം കൊയ്തെടുത്തത്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഏറെയൊന്നും ബാധിച്ചിട്ടില്ലാത്ത ടീം. ആകെ മടങ്ങിയത് ഇംഗ്ലീഷ് താരം ജോ ഡെൻലി. ആകെ ഒരു മത്സരത്തിൽമാത്രം പാഡുകെട്ടിയിറങ്ങിയ താരം ഗോൾഡൻ ഡക്കായാണ് മടങ്ങിയത്.