ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ അർധസെഞ്ച്വറി നേടിയ ഒാപണർ പാർഥിവ് പേട്ടൽ (67), മാർക്കസ് സ്റ്റോയ്നിസ് (31 നോട്ടൗട്ട്), ക്യാപ്റ്റൻ വിരാട് കോഹ്ലി (23) എന്നിവരുടെ ബാറ്റിങ് മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മൂന്നു മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ശ്രേയസ്സ് ഗോപാലാണ് ബാംഗ്ലൂർ സ്കോർ ബോർഡ് പിടിച്ചുകെട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഒാപണർമാർ മികച്ച തുടക്കമിട്ടു. ബട്ലർക്കൊപ്പം ഒന്നാം വിക്കറ്റിൽ 60 റൺസ് ചേർത്ത രഹാനെ യൂസ്വേന്ദ്ര ചഹലിെൻറ പന്തിൽ വിക്കറ്റിനുമുന്നിൽ കുടുങ്ങി മടങ്ങി. നാലു മനോഹര ബൗണ്ടറികളടക്കം 22 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം. മൂന്നാമനായെത്തിയ സ്മിത്തിനൊപ്പം അടിച്ച് കളിക്കാൻ തുടങ്ങിയ ബട്ലറെയും ചഹൽ തന്നെ മടക്കി. മാർകസ് സ്റ്റോയ്നിസിന് ക്യാച്ച്.

ടോപ് സ്കോററായ ബട്ലർ മടങ്ങിയെങ്കിലും 12.4 ഒാവറിൽ 104 റൺസെന്ന ഭേദപ്പെട്ട നിലയിലെത്തിയിരുന്നു രാജസ്ഥാൻ. പിന്നാലെ രാഹുൽ ത്രിപതിയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ടു നയിച്ച സ്മിത്ത് മുഹമ്മദ് സിറാജ് എറിഞ്ഞ 19ാം ഒാവറിെൻറ അവസാന പന്തിൽ ഉമേഷ് യാദവിന് പിടികൊടുത്ത് പുറത്തായെങ്കിലും അവസാന ഒാവറിലെ അഞ്ചാം പന്ത് സിക്സറടിച്ച് ത്രിപാതി ടീമിന് ആദ്യ ജയം സമ്മാനിച്ചു. അവസാന ഒാവറുകളിൽ ബാംഗ്ലൂർ ബൗളർമാർ കണിശത കാണിച്ചുവെങ്കിലും ഫീൽഡർമാരുടെ ചോരുന്ന കൈകളാണ് തോൽവി വിളിച്ചുവരുത്തിയത്.
ബാംഗ്ലൂരിനായി ചഹൽ രണ്ടുവിക്കറ്റും സിറാജ് ഒരുവിക്കറ്റും വീഴ്ത്തി.മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് രാജസ്ഥാൻ കളത്തിലിറങ്ങിയത്. സഞ്ജു സാംസണ് പകരം സ്റ്റുവർട്ട് ബിന്നിയും ജയ്ദേവ് ഉനദ്ഘട്ടിനു പകരം വരുൺ ആറോണും ടീമിൽ ഇടംപിടിച്ചു. ഐ.പി.എല്ലില്‍ നായകനായി നൂറ് മത്സരങ്ങള്‍ തികച്ച മത്സരത്തിൽ തോൽവി വഴങ്ങാനാണ് കോഹ്ലിയുടെ വിധി. എം.എസ് ധോണിക്കും ഗൗതം ഗംഭീറിനും ശേഷം നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് കോഹ്ലി.