ജയ്പുർ: െഎ.പി.എൽ സീസണിലെ ഏറ്റവും മികച്ച ബൗളിങ് നിര തങ്ങളാണെന്ന കാര്യം െകയ്ൻ വില്യംസണും സംഘവും ഒരിക്കൽകൂടി തെളിയിച്ചപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 11 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അർധശതകം നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണിെൻറയും (63) ഒാപണർ അലക്സ് ഹെയ്ൽസിെൻറയും (45) മികവിൽ 20 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 65 റൺസെടുത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഹൈദരാബാദിെൻറ കണിശമായ ബൗളിങ് ആക്രമണത്തിന് മുന്നിൽ വിജയിക്കാനായില്ല.തകർച്ചയോടെയായിരുന്നു ഹൈദരാബാദിെൻറ തുടക്കം. സ്കോർ ബോർഡിൽ 17 റൺസ് ചേർക്കുേമ്പാഴേക്കും ഒാപണർ ശിഖർ ധവാനെ (6) നഷ്ടമായി. രണ്ടാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്ത ഹെയ്ൽസ്-വില്യംസൺ കൂട്ടാണ് സൺറൈസേഴ്സ് ഇന്നിങ്സിന് അടിത്തറ പാകിയത്. കെയിന്‍ വില്യംസണിനെ (63) നാട്ടുകാരായ ജോസ് ബട്ലറും ഇഷ് സോധിയും ചേർന്ന് മടക്കി. മനീഷ് പാണ്ഡെയും (16) വൃദ്ധിമാൻ സാഹയും (11) ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല.

152 റണ്‍സെന്ന അനായാസ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് ഓപണര്‍ രാഹുല്‍ ത്രിപാഠിയെ 13 റണ്‍സ് എത്തിയപ്പോൾ നഷ്ടമായി. പിന്നീടെത്തിയ സഞ്ജു സാംസണ് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ രാജസ്ഥാന് റോയല്‍സ് അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ രഹാനെയും സഞ്ജു സാംസണും ചേര്‍ന്ന് 59 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

അവസാന 10 ഒാവറില്‍ 79 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് കനത്ത പ്രഹരമേകിക്കൊണ്ട് പാര്‍ട് ടൈം ബൗളറായ യൂസുഫ് പത്താൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ബെന്‍ സ്റ്റോക്സിെൻറ (0) കുറ്റി തെറിപ്പിച്ചു. അടുത്ത പ്രതീക്ഷയായിരുന്ന ജോസ് ബട്ലറെ (10) റഷീദ് ഖാന് മടക്കിയയച്ചു. പിന്നീട് ഒത്തു ചേർന്ന രഹാനെയും മഹിപാല്‍ ലോംറോറും ചേര്‍ന്ന് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും സിദ്ധാർഥ് കൗൾ എറിഞ്ഞ 19ാം ഒാവറിൽ ലോംറോർ (11) പുറത്തായി.
അവസാന രണ്ട് ഒാവറിൽ ജയിക്കാൻ 27 റൺസ് വേണ്ടിയിരുന്ന സമയത്ത് ആറു റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ കൗളാണ് മത്സരം ഹൈദരാബാദിന് അനുകൂലമാക്കിയത്. ബേസില്‍ തമ്പി എറിഞ്ഞ 20ാം ഒാവറിൽ 21 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാനു 10 റണ്‍സ് മാത്രമേ നേടാനായുള്ളൂ. രാജസ്ഥാനായി ജെഫ്രി ആർച്ചർ തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്ന് വിക്കറ്റ് വീഴ്ത്തി.