കൊൽകത്ത: അഫ്ഗാെൻറ മാന്ത്രിക സ്പിന്നർ റാഷിദ് ഖാെൻറ വെടിക്കെട്ട് ബാറ്റിങ്ങിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോർ. ഈഡന്‍ ഗാര്‍ഡനില്‍ ഫൈനൽ മോഹവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ 174-7 റണ്‍സാണ് നേടിയത്.
ആദ്യ പതിമൂന്ന് ഒാവറിൽ 98ന് മൂന്ന് എന്ന നിലയിലേക്ക് കൊൽക്കത്തൻ ബോളർമാർ സൺറൈസേഴ്സിനെ പിടിച്ചുകെട്ടിയെങ്കിലും അവസാന ഓവറുകളിൽ റാഷിദ് ഖാൻ നടത്തിയ വെടിക്കെട്ട് സൺറൈസേഴ്സിനെ കരകയറ്റുകയായിരുന്നു. 10 പന്തിൽ 34 റൺസടിച്ച റാഷിദ് പുറത്താവാതെ നിന്നു.
ടോസ് നേടിയ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും വൃദ്ധിമാന്‍ സാഹയും കരുതലോടെ തുടങ്ങിയെങ്കിലും. ഫോമിലായിരുന്ന ധവാനെയും കെയ്ന്‍ വില്യംസണെയും ഒരേ ഓവറില്‍ പുറത്താക്കി കുല്‍ദീപ് യാദവ് സണ്‍റൈസേഴ്‌സിനെ ഞെട്ടിക്കുകയായിരുന്നു. ധവാന്‍ 24 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ മുന്നാമനായെത്തിയ വില്യംസണ്‍ 3 റണ്‍സെടുത്ത് പുറത്തായി.
35 റണ്‍സെടുത്ത സാഹയെ ചൗള വീഴ്ത്തി. തുടർന്ന് ഒത്തുചേർന്ന ഷാക്കിബ് അല്‍ഹസനും ദീപക് ഹൂഡയും ചെറുത്തു നിൽക്കാൻ ശ്രമം നടത്തിയെങ്കിലും കുല്‍ദീപ് യാദവ് വീണ്ടും അപകടകാരിയായി. 24 പന്തില്‍ 28 റണ്‍സെടുത്ത് നിൽക്കുകയായിരുന്ന ഷാക്കിബിനെ യാദവ് തിരിച്ചയച്ചു. തൊട്ടുപിന്നാലെ 18 റണ്‍സെടുത്ത ഹൂഡ സുനില്‍ നരെയ്‌നും വിക്കറ്റ് സമ്മാനിച്ചു.
കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് (8), യൂസുഫ് പത്താന്‍ (3) എന്നിവര്‍ കൂടി പുറത്തായതോടെ സണ്റൈസേഴ്സിെൻറ നില പരിതാപകരമായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റാഷിദ്ഖാനാണ് സൺറൈസേഴ്സ് സ്കോർ 170 കടത്തിയത്.