കൊൽക്കത്ത: െഎ.പി.എൽ എലിമിനേറ്റർ പോരാട്ടത്തിൽ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയർ ടു പോരാട്ടത്തിന്. എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെ 25 റൺസിന് കീഴടക്കിയാണ്െകാൽക്കത്ത സൺറൈസേഴ്സ് ഹൈദരാബാദുമായി ‘സെമി’ പോരാട്ടത്തിന് ടിക്കറ്റുറപ്പിച്ചത്. വെള്ളിയാഴ്ച കൊൽക്കത്തയിൽ തന്നെയാണ് മത്സരം. നിർണായക നോക്കൗട്ട് മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്ത കൊൽക്കത്ത എതിരാളികളെ നാല് വിക്കറ്റിന് 144 റൺസിലൊതുക്കുകയായിരുന്നു.
ഒരു ഘട്ടത്തിൽ 14 ഒാവറിൽ ഒരു വിക്കറ്റിന് 109 റൺസ് നേടി വിജയവഴിയിലായിരുന്ന രാജസ്ഥാൻ പിന്നീട് തപ്പിത്തടഞ്ഞ് തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണും (50) ക്യാപ്റ്റൻ അജിൻക്യ രഹാനെയും (46) ആണ് രാജസ്ഥാനായി പൊരുതിയത്. നിർണായക ഘട്ടത്തിൽ ഇരുവരും പുറത്തായതാണ് രാജസ്ഥാന് തിരിച്ചടിയായത്. രാഹുൽ ത്രിപതി (20), സ്റ്റുവാർട്ട് ബിന്നി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഹെൻറിച്ച് ക്ലാസൻ (18) കൃഷ്ണപ്പ ഗൗതം (ഒമ്പത്) എന്നിവർ പുറത്താവാതെ നിന്നു. പിയൂഷ് ചൗള രണ്ടു വിക്കറ്റും കുൽദീപ് യാദവും പ്രസീത് കൃഷ്ണയും ഒരു വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ, ക്യാപ്റ്റൻ ദിനേശ് കാർത്തിക് (38 പന്തിൽ 52), ആന്ദ്രെ റസൽ (25 പന്തിൽ 49 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത രാജസ്ഥാെൻറ ശരിവെക്കുന്ന പ്രകടനമായിരുന്നു തുടക്കത്തിൽ ബൗളർമാരുടേത്. 24 റൺസെടുക്കുന്നതിനിടെ കൊൽക്കത്തയുടെ മൂന്ന് വിക്കറ്റുകൾ രാജസ്ഥാൻ ബൗളർമാർ പിഴുതു. സ്പിന്നർമാരായ ഗൗതമും ശ്രേയസ് ഗോപാലും പേസർ ജോഫ്ര ആർച്ചറുമായിരുന്നു വിക്കറ്റ് നേട്ടക്കാർ. വെടിക്കെട്ട് വീരൻ സുനിൽ നരെയ്ൻ (നാല്), റോബിൻ ഉത്തപ്പ (മൂന്ന്), നിതീഷ് റാണ (മൂന്ന്) എന്നിവർ നാലാം ഒാവർ കഴിയുേമ്പാഴേക്കും ഡഗൗട്ടിൽ തിരിച്ചെത്തി. ഒാപണർ ക്രിസ് ലിന്നും (18) കാർത്തികും രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും സ്കോർ 51ൽ നിൽക്കെ ആസ്ട്രേലിയക്കാരനെ ഗോപാൽ മടക്കി.
എന്നാൽ, പിന്നീട് കളി കൊൽക്കത്തയുടെ കൈയിലായിരുന്നു. ശുഭ്മാൻ ഗില്ലിനൊപ്പം (17 പന്തിൽ 28) അഞ്ചാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ കാർത്തിക് ആറാം വിക്കറ്റിൽ റസലിനൊപ്പം 29 റൺസ് കൂട്ടുകെട്ടുമുയർത്തി. രണ്ട് സിക്സും നാലു ഫോറും പായിച്ച കാർത്തിക് 18ാം ഒാവറിൽ ബെൻ ലാഫ്ലിെൻറ പന്തിൽ രഹാനെക്ക് പിടികൊടുത്താണ് മടങ്ങിയത്. തുടർന്നും ആഞ്ഞടിച്ച റസൽ അഞ്ച് സിക്സും മൂന്ന് ഫോറും പായിച്ചപ്പോൾ സ്കോർ 169ലെത്തി. രാജസ്ഥാനുവേണ്ടി ആർച്ചറും ഗൗതമും ലാഫ്ലിനും രണ്ട് വിക്കറ്റ് വീതവും ഗോപാൽ ഒരു വിക്കറ്റുമെടുത്തു.