ഇന്ദോർ: ഹോൾക്കർ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് 31 റൺസിെൻറ തകർപ്പൻ ജയം. േപ്ലഒാഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത സുനിൽ നരെയ്െൻറയും (36 പന്തിൽ 75) ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിെൻറയും (23 പന്തിൽ 50) സ്ഫോടനാത്മക ബാറ്റിങ് മികവിൽ 20 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
കൊൽക്കത്ത ഉയർത്തിയ ഹിമാലയൻ ലക്ഷ്യത്തിന് അതേ നാണയത്തിൽ മറുപടി നൽകിയ പഞ്ചാബിനായി ഒാപണർമാരായ ക്രിസ് ഗെയിലും (21) ലോകേഷ് രാഹുലും (29 പന്തിൽ 66) മികച്ച തുടക്കമിട്ടു. ഇരുവരും ചേർന്ന് അഞ്ചാം ഒാവറിൽ സ്കോർ 50 കടത്തി. എന്നാൽ, ആന്ദ്രേ റസൽ എറിഞ്ഞ ആറാം ഒാവറിൽ ക്രിസ്ഗെയ്ൽ കാർത്തികിന് പിടികൊടുത്ത് മടങ്ങി. അടുത്ത പന്തിൽ മായങ്ക് അഗർവാളും (0) വന്നപോലെ മടങ്ങി. പഞ്ചാബ് പതറിയ നിമിഷം. എങ്കിലും രാഹുൽ കത്തിക്കയറുകയായിരുന്നു. തലങ്ങും വിലങ്ങും പന്ത് അതിർത്തി കടത്തിയ രാഹുൽ 22 പന്തിൽ അർധ സെഞ്ച്വറി തികച്ചു. ഇടക്ക് കരുൺ നായർ വന്നുപോയി (3). 29 പന്തിൽ ഏഴു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 66 റൺസെടുത്ത രാഹുൽ എട്ടാം ഒാവറിെൻറ അവസാന പന്തിൽ മടങ്ങുേമ്പാൾ സ്കോർ ബോർഡിൽ 93 റൺസായിരുന്നു.
പിന്നീടിറങ്ങിയ അക്സർ പേട്ടലിന് (19) കാര്യമായൊന്നും ചെയ്യാനായില്ല. പിന്നാലെ ഒത്തുചേർന്ന ആരോൺ ഫിഞ്ചും (34) ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനും (45) കൂറ്റൻ അടികളുമായി പ്രതീക്ഷയുണർത്തിയെങ്കിലും ജാവോൻ സിയർലസ് പഞ്ചാബിെന പിടിച്ചുകെട്ടി. അവസാന ഒാവറുകളിൽ ആൻഡ്ര്യൂ ടൈയെ (14) കൂട്ടുപിടിച്ച് അശ്വിൻ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്ക് നരെയ്നും ക്രിസ് ലിനും ചേർന്ന് മോഹിച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 53 റൺസ് ചേർത്തു. നപിന്നാലെ ദിനേഷ് കാര്‍ത്തിക് (50), ആന്ദ്രേ റസല്‍ (31), ശുഭ്മാന്‍ ഗില്‍ (18), നിതീഷ് റാണ (11) എന്നിവര്‍ ചേര്‍ന്ന് കൊല്‍ക്കത്തക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചു.