ഹൈദരാബാദ്: െഎ.പി.എല്ലിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വിജയം. ടോസ് നഷ്ടമായി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ഉയർത്തിയ 182/3 എന്ന ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 178/6 റൺസിന് വീണു. അവസാന ഒാവർ വരെ നീണ്ട ആവേശപ്പോരിൽ ഹൈദരാബാദിന് വേണ്ടി നായകൻ കെയ്ൻ വില്യംസൻ 51 പന്തിൽ 84 റൺസെടുത്തു. ഫോം കണ്ടെത്തിയ യൂസുഫ് പത്താൻ 27 പന്തിൽ 45 റൺസടിച്ച് നായകന് മികച്ച പിന്തുണ നൽകിയെങ്കിലും ഫലം കണ്ടില്ല.
ഒാപണർ റിക്കി ഭുയ്, മനീഷ് പാണ്ഡെ എന്നിവർ സംപൂജ്യരായി മടങ്ങിയതോടെ ഒാൾറൗണ്ടർ ഷാകിബുൽ ഹസനൊപ്പം ചേർന്ന് കെയ്ൻ വില്യസൻ സൺറൈസേഴ്സിെൻറ സ്കോർ ചലിപ്പിക്കുകയായിരുന്നു. അഞ്ച് സിക്സറുകളും അഞ്ച് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു നായകെൻറ ഇന്നിങ്സ്. ഷാകിബ് 19 പന്തിൽ 24 റൺസെടുത്ത് കർൺ ശർമയുടെ പന്തിൽ പുറത്താവുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ യൂസുഫ് പത്താൻ നാല് കൂറ്റൻ സിക്സറുകളുടെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 45 റൺസ് എടുത്തു. എന്നാൽ 17ാം ഒാവറിൽ ബ്രാവോയുടെ പന്തിൽ വില്യസണും 18ാം ഒാവറിൽ എസ്.എൻ താക്കൂറിെൻറ പന്തിൽ പത്താനും പുറത്തായത് ആരാധകരെ നിരാശരാക്കി. അവസാന ഒാവറിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ വെടിക്കെട്ട് ബാറ്റിങ് നടത്തിനോക്കിയെങ്കിലും സൺറൈസേഴ്സിന് ജയം അന്യംനിന്നു. റാഷിദ് രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി. ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ മൂന്ന് വിക്കറ്റുകളെടുത്തു.
നേരത്തെ ഒാപണർമാരായ ഷെയ്ൻ വാട്സൺ(9) ഫാഫ് ഡു പ്ലെസിസ് (11) എന്നിവർ പെട്ടന്ന് പുറത്താതോടെ ചെന്നൈ പരുങ്ങലിലായെങ്കിലും തുടർന്ന് ഒരുമിച്ച സുരേഷ് റൈന(54) അമ്പാട്ടി റായ്ഡു കൂട്ടുകെട്ട് സ്കോർ ഉയർത്തുകയായിരുന്നു. അമ്പാട്ടി റായ്ഡു 37 പന്തിൽ 79 റൺസെടുത്ത് നിർഭാഗ്യകരമായ രീതിയിൽ പുറത്തായി. അവസാന ഒാവറുകളിലെ നായകൻ ധോനിയുടെ വെടിക്കെേട്ടാടെയാണ് സ്കോർ 180 കടന്നത്.