കാഡിഫ്: ഇതാണ് കാത്തിരുന്ന ഇന്ത്യ. പകുതി ശരിയായി. നാലാം നമ്പറിലെത്തി ലോകേഷ് രാഹുൽ ഉജ്ജ്വല സെഞ്ച്വറി നേടി (99 പന്തിൽ 108). പിന്നാലെ വന്ന്, എം.എസ്. ധോണി വക വെടിക്കെട്ട് സെഞ്ച്വറ ിയും (78 പന്തിൽ 113). പോരാട്ടം തുടങ്ങുന്നതോടെ എല്ലാം ശരിയാവും. ഒാപണർമാരായ രോഹിത് ശർമ യും ശിഖർ ധവാനുംകൂടി താളം കണ്ടെത്തിയാൽ ലോകകപ്പിന് ഇന്ത്യ സുസജ്ജം.
വ്യാഴാഴ്ച തുടങ്ങുന്ന വിശ്വമേളയുടെ അവസാന സന്നാഹത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത് 359 റൺസ് എന്ന കൂറ്റൻ സ്കോർ. നാലാം നമ്പറിൽ ആരെ ഉറപ്പിക്കുമെന്ന ആശങ്കയോടെ ഇംഗ്ലണ്ടിലെത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനുമുള്ള മറുപടിയായിരുന്നു രാഹുലിെൻറ ബാറ്റ്. ഓപണർമാരായ രോഹിതും (19) ധവാനും (1) കൂടാരം കയറിയശേഷം ക്രീസിലെത്തിയ രാഹുൽ വിരാട് കോഹ്ലിക്കൊപ്പം ക്ഷമയോടെ ഇന്നിങ്സ് കെട്ടിപ്പടുത്തു. നിലയുറപ്പിച്ച് കളിച്ച കോഹ്ലി 19ാം ഓവറിൽ (47) മടങ്ങിയശേഷം വിജയ് ശങ്കർ (2) മിന്നൽപോലെ വന്നുപോയി. അഞ്ചാം വിക്കറ്റിൽ േധാണിക്കൊപ്പമായിരുന്നു രാഹുലിൻെറ രക്ഷാപ്രവർത്തനം.
സെഞ്ച്വറിക്കു പിന്നാലെ രാഹുൽ മടങ്ങി. എന്നാൽ, അർധസെഞ്ച്വറി നേടിയശേഷം ആഞ്ഞടിച്ച ധോണി ടീം ടോട്ടലിന് റോക്കറ്റ് വേഗം പകർന്നു. സ്പിന്നർമാരെ ശിക്ഷിച്ചായിരുന്നു ധോണിയുടെ ഈ വർഷത്തെ ആദ്യ സെഞ്ച്വറി പിറന്നത്. ഒടുവിൽ സിക്സറിലൂടെതന്നെ 100 തികച്ചു. 78 പന്തിൽ ഏഴു സിക്സും എട്ടു ബൗണ്ടറിയും അതിന് ഇരട്ടി ചന്തമേകി. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റുന്നതായിരുന്നു ബംഗ്ലാദേശിനെതിരായ ഇന്നിങ്സ്.