കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ ചുനി ഗോസ്വാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം . 82 വയസ്സായിരുന്നു.
1962ലെ ഏഷ്യൻ ഗെയിംസിൽ ഫുട്ബാൾ കിരീടം നേടിയ ഇന്ത്യൻ ടീമിെൻറ നാ യകനായിരുന്ന ചുനി ഗോസ്വാമി വർഷങ്ങളോളം ബംഗാളിനായി ക്രിക്കറ്റ് കളിച്ചും ശ്രദ്ധേയ നായി. ഇപ്പോൾ ബംഗ്ലേദശിെൻറ ഭാഗമായ കിഷോർഗഞ്ച് ഗ്രാമത്തിൽ പിറന്ന ചുനിദാ 18ാം വയസ്സിൽ ബംഗാൾ സംസ്ഥാന ടീമിെൻറ ഭാഗമായി. വൈകാതെ ദേശീയ ടീമിൽ ഇടം നേടിയ താരം 1956- 64 കാലയളവിൽ ഇന്ത്യൻ ഫുട്ബാളിലെ അവിഭാജ്യ സാന്നിധ്യമായിരുന്നു.

1960ലെ റോം ഒളിമ്പിക്സ് ഉൾപെടെ 50 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. 1964ൽ ഇസ്രായേലിൽ നടന്ന ഏഷ്യ കപ്പിൽ വെള്ളിമെഡൽ നേടിയ ടീമിലും ഭാഗമായി. 1968ൽ ഫുട്ബാളിൽനിന്ന് വിരമിക്കും വരെ മോഹൻ ബഗാനു വേണ്ടി മാത്രമാണ് ക്ലബ് ഫുട്ബാൾ കളിച്ചത്. അഞ്ചു സീസണിൽ ക്ലബിെൻറ നായകനുമായി.
1962നും 1973നുമിടയിൽ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി ഇറങ്ങിയ ഗോസ്വാമി 46 മത്സരങ്ങൾ കളിച്ചു. 1962ൽ ഏഷ്യയിലെ മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം നേടി. കളിമികവിനെ ആദരിച്ച് രാജ്യം അർജുന അവാർഡ് (1963), പത്മശ്രീ (1983) എന്നിവ നൽകിയിട്ടുണ്ട്. 2005ൽ മോഹൻ ബഗാൻ രത്നയും സമ്മാനിക്കപ്പെട്ടു.