സതാംപ്ടൺ: ഇന്ത്യൻ പേസർമാർക്കു മുന്നിൽ മുട്ടുവിറച്ച് ഇംഗ്ലീഷ് ബാറ്റിങ് നിര. റോസ് ബൗളിലെ നാലാം ടെസ്റ്റിെൻറ ആദ്യ ദിനം ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റൺസിന് പുറത്തായി. പേസർമാരുടെ കരുത്തിലാണ് ഇന്ത്യ മുൻതൂക്കം നേടിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുമായി പട നയിച്ചപ്പോൾ രണ്ട് വീതം വിക്കറ്റുകളുമായി ഇശാന്ത് ശർമയും മുഹമ്മദ് ഷമിയും പിന്തുണ നൽകി. രവിചന്ദ്ര അശ്വിന് രണ്ടും ഹാർദിക് പാണ്ഡ്യക്ക് ഒരു വിക്കറ്റും ലഭിച്ചു. അർധ സെഞ്ച്വറിയുമായി സാം കറനാണ് (78) ഇംഗ്ലണ്ട് നിരയിൽ പൊരുതിനിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസെടുത്തു. ശിഖർ ധവാനും(3) ലോകേഷ് രാഹുലുമാണ്(11) ക്രീസിൽ.
മുൻനിര ബാറ്റുവെച്ച് കീഴടങ്ങിയപ്പോൾ ഒരു ഘട്ടത്തിൽ ആറിന് 86 എന്ന നിലയിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ കുറാനും മുഇൗൻ അലിയും (40) ചേർന്നാണ് കരകയറ്റിയത്. പരമ്പരയിൽ ആദ്യമായി കളിക്കുന്ന മുഇൗനും മൂന്നാം ടെസ്റ്റിൽ ഒഴിവാക്കപ്പെട്ടശേഷം തിരിച്ചെത്തിയ കറനും ചേർന്ന് ഏഴാം വിക്കറ്റിൽ 81 റൺസ് ചേർത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അലസ്റ്റയർ കുക്കും കീറ്റൺ ജെന്നിങ്സണുമടങ്ങിയ ഒാപണിങ് ജോടിക്കെതിരെ ഇന്ത്യൻ പേസർമാർ നന്നായി പന്തെറിഞ്ഞു തുടങ്ങി. വിക്കറ്റ് വീഴ്ചക്ക് തുടക്കമാവുന്നത് മൂന്നാം ഒാവർ മുതലാണ്. കുത്തിത്തിരിഞ്ഞ ബുംറയുടെ പന്ത് ജെന്നിങ്സെൻറ പാഡിലേക്ക്. സ്കോർ ബോഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. റിവ്യൂക്ക് പോലും നിൽക്കാതെ ജെന്നിങ്സ് (0) മടങ്ങി. ആദ്യ വിക്കറ്റിെൻറ ഞെട്ടൽ മാറുംമുമ്പാണ് ക്രീസിലെത്തിയ ക്യാപ്റ്റൻ ജോ റൂട്ടും (4) മടങ്ങിയത്. ഇശാന്ത് ശർമയുടെ പന്തിൽ എൽ.ബി തന്നെയാണ് റൂട്ടിനെയും മടക്കിയത്.
ഒട്ടുംവൈകാതെ ഇംഗ്ലണ്ടിന് വീണ്ടും ബുംറയുടെ ഷോക്ക്. ജോണി ബെയർസ്റ്റോയെ (6) എൽ.ബിയിൽ കുരുക്കി ബുംറ മടക്കിയയച്ചു. മറുതലക്കൽ പിടിച്ചുനിന്ന കുക്കിനും ഒടുവിൽ രക്ഷയുണ്ടായില്ല. പരമ്പരയിലുടനീളം പരാജയമായ കുക്ക് (17) ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കോഹ്ലിക്ക് ക്യാച്ച് നൽകി മടങ്ങി. നാലിന് 36 എന്ന നിലയിൽ ഇംഗ്ലണ്ട് തകർച്ച ഉറപ്പിച്ച ഘട്ടത്തിൽ ഒരുമിച്ച ബെൻ സ്റ്റോക്സും (23) ജോസ് ബട്ലറും (21) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഷമിയുടെ പന്തിൽ ഇരുവരും മടങ്ങി. പിന്നീടായിരുന്നു കറെൻറയും മുഇൗെൻറയും രക്ഷാപ്രവർത്തനം. ഒടുവിൽ മുഇൗനെ മടക്കി അശ്വിൻ കൂട്ടുകെട്ട് പൊളിച്ച ശേഷം ആദിൽ റഷീദിനെ (6) ഇശാന്തും മടക്കി.