െകാളംബോ: 2019 ഏകദിന ലോകകപ്പിനെ മനസ്സിലുറപ്പിച്ച് ടീം ഇന്ത്യ നാളെ ക്രീസിലിറങ്ങുന്നു. കഴിഞ്ഞ തവണ സെമിയിൽ നഷ്ടമായ കിരീടസ്വപ്നം രണ്ടു വർഷം കഴിഞ്ഞ് ഇംഗ്ലീഷ് മണ്ണിൽ സ്വന്തമാക്കാനുള്ള ഒരുക്കത്തിലേക്ക് പാഡണിയുകയാണ് ടീം ഇന്ത്യ. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയോടെ യുവതാരങ്ങളുമായി മികച്ച ഏകദിന ടീമിലേക്കുള്ള ഒരുക്കത്തിന് ഇന്ത്യ തുടക്കംകുറിക്കും. യുവരാജ് സിങ്, സുരേഷ് റെയ്ന എന്നീ സീനിയർ താരങ്ങളെ ഒഴിവാക്കി വെട്ടിനിരത്തലിന് തുടക്കംകുറിച്ചാണ് വിരാട് കോഹ്ലി-രവി ശാസ്ത്രി സംഘം 2019 ഇംഗ്ലണ്ടിലേക്ക് പടപ്പുറപ്പാട് തുടങ്ങിയത്. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകിയാവും ടീം ഇന്ത്യ ശ്രീലങ്കെക്കതിരായ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരക്ക് തുടക്കംകുറിക്കുന്നത്.
ഇൗ പോരാട്ടത്തിനു പിന്നാലെ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവർക്കെതിരെയും തുടർച്ചയായി ഏകദിന പരമ്പരകളും വരാനിരിക്കുന്നു. ടെസ്റ്റ് പരമ്പര 3-0ത്തിന് തൂത്തുവാരിയതിനു പിന്നാലെ ഞായറാഴ്ച ധാംബുലയിൽ ആദ്യ ഏകദിനത്തിന് പാഡണിയും. ടെസ്റ്റിനേക്കാൾ മികച്ച ടീമാണ് ശ്രീലങ്കയുടെ ഏകദിന സംഘമെങ്കിലും ഇന്ത്യൻ വെല്ലുവിളി അതിജീവിക്കാനുള്ള ശേഷിയൊന്നുമില്ല. അതുകൊണ്ടുതന്നെ രവി ശാസ്ത്രിക്കിത് താരങ്ങൾക്ക് അവസരമൊരുക്കാനുള്ള പോരാട്ടമാവും.
ഫിറ്റ്നസ് പ്രശ്നം പറഞ്ഞാണ് യുവി, റെയ്ന എന്നിവരെ ഒഴിവാക്കിയതെങ്കിലും ഭാവിടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണെന്ന് സെലക്ഷൻ അടിവരയിടുന്നു. മുൻ നായകൻ കൂടിയായ എം.എസ്. ധോണിക്കിത് ആസിഡ് ടെസ്റ്റ് കൂടിയാവും. നിറംമങ്ങിയാൽ അവസരം കാത്തിരിക്കുന്ന ഋഷഭ് പന്ത് പോലുള്ള യുവതാരങ്ങൾക്കായി ധോണിയെയും വെട്ടിനിരത്തും. രോഹിത് ശർമയെ വൈസ് ക്യാപ്റ്റനാക്കിയപ്പോൾ, ടെസ്റ്റ് ടീമിലുണ്ടായിരുന്നു ശിഖർ ധവാൻ, ലോകേഷ് രാഹുൽ, അജിൻക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, കുൽദീപ് എന്നിവരെ ടീമിൽ നിലനിർത്തി. മനീഷ് പാണ്ഡെ, കേദാർ ജാദവ്, അക്ഷർ പേട്ടൽ എന്നിവരും ടീമിൽ ഇടംപിടിച്ചു. ഇംഗ്ലണ്ട് ലോകകപ്പിന് 24 മാസത്തിൽ കുറഞ്ഞ സമയം ബാക്കിയുള്ളതിനാൽ ഏറെ ഗൗരവത്തോടെയാണ് സെലക്ഷൻ കമ്മിറ്റി പര്യടനത്തെ സമീപിക്കുന്നത്.
ലങ്കക്കെതിരായ അഞ്ച് ഏകദിനത്തിനു പിന്നാലെ ഇന്ത്യയിൽ ആസ്ട്രേലിയക്കെതിരെ ഏഴ് ഏകദിനം (ഒക്ടോബർ), ദക്ഷിണാഫ്രിക്കയിൽ ഏഴ് ഏകദിനം (നവംബർ-ജനുവരി), ഇന്ത്യയിൽ ലങ്കക്കെതിരെ അഞ്ച് ഏകദിനം (മാർച്ച്-ഏപ്രിൽ) എന്നിവയാണ് വരാനിരിക്കുന്ന മത്സരങ്ങൾ. അടുത്ത ജൂണിൽ ഇംഗ്ലണ്ട് പര്യടനവും നടത്തും.