മൗണ്ട് മൗൻഗാനുയ്: കോഹ്ലിപ്പടക്കു പിന്നാലെ മിതാലി രാജും കൂട്ടരും ന്യൂസിലൻഡിെൻറ കഥ കഴിച്ചു. രണ്ടാം മത്സരത്തിൽ കിവികളെ എട്ടു വിക്കറ്റിന് തോൽപിച്ച് വനിതകളും ഒരു മത്സരം ബാക്കിയിരിക്കെ ഏകദിന പരമ്പര നേടി (2-0). ആദ്യം ബാറ്റു ചെയ്ത ആതിഥേയരെ 161 റൺസിന് പുറത്താക്കിയ ഇന്ത്യ, ക്യാപ്റ്റൻ മിതാലി രാജിെൻറയും (63) സ്മൃതി മന്ദാനയുടെയും (90) നേതൃത്വത്തിൽ തിരിച്ചടിക്കുകയായിരുന്നു. സ്കോർ: ന്യൂസിലൻഡ് 161/10 (44.2 ഒാവർ), ഇന്ത്യ: 166/2 (35.2). ആദ്യ ഏകദിനത്തിൽ ഒമ്പതു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡിനെ ജുലൻ ഗോസാമിയുടെ (മൂന്നു വിക്കറ്റ്) നേതൃത്വത്തിലാണ് ഇന്ത്യൻ ബൗളർമാർ ഒതുക്കുന്നത്. 62ന് അഞ്ച് എന്ന നിലയിൽ വമ്പൻ തകർച്ചയിലേക്ക് കൂപ്പുകുത്തുമായിരുന്ന കിവികളെ ക്യാപ്റ്റൻ അമി സെറ്റെർവെയ്റ്റ് (71) നൂറുകടത്തി. ഗോസാമിക്കൊപ്പം എക്ത ബിസ്ത്, ദീപ്തി ശർമ, പൂനം യാദവ് എന്നിവർ രണ്ടു വീതവും ഷിഖ പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തിയതോടെ, 161 റൺസിന് കിവികൾ കൂടാരം കയറി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കം തകർച്ചയോടെയായിരുന്നു. 15 റൺസിനിെട രണ്ടു വിക്കറ്റ് നഷ്ടം. ഒാപണർ ജമീമ റോഡ്രിഗസും (0) ദീപ്തി ശർമയുമാണ് (8) മടങ്ങിയത്.
എന്നാൽ, മൂന്നാം വിക്കറ്റിൽ മിതാലി രാജും (63) സ്മൃതി മന്ദാനയും (90) പുറത്താവാതെ 151 റൺസിെൻറ കൂട്ടുകെെട്ടാരുക്കി കിവീസ് ഒരുക്കിയ വിജയലക്ഷ്യം അനായാസം മറികടന്നു. 13 ഫോറും ഒരു സിക്സറുമായി 83 പന്തിൽ 90 റൺസ് അടിച്ചെടുത്ത മന്ദാനയാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ സെഞ്ച്വറിയുമായി (105) മന്ദാന തന്നെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.