ലോഡർഹിൽ: അമേരിക്കൻ മണ്ണിലെ രണ്ടാം ട്വൻറി20യിലും വിൻഡീസിനെ തോൽപിച്ച ഇന്ത്യക്ക് പരമ്പര. മഴ മുടക്കിയ കളിയിൽ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം 22 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ വിൻഡീസ് 15.3 ഓവറിൽ നാലു വിക്കറ്റിന് 98 റൺസെടുത്തുനിൽക്കെ മഴയെത്തുകയായിരുന്നു.
ഒാപണർ രോഹിത് ശർമയുടെ (67) അർധസെഞ്ച്വറിയുടെയും ശിഖർ ധവാൻ (23), വിരാട് കോഹ്ലി (28), ക്രുണാൽ പാണ്ഡ്യ (20 നോട്ടൗട്ട്) എന്നിവരുടെ വെടിക്കെട്ടിെൻറയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. ആദ്യ കളിയിൽ നാലു വിക്കറ്റിന് വിജയം നേടിയ കോഹ്ലിപ്പട ഞായറാഴ്ച ടോസിൽ ജയിച്ചപ്പോൾ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഒാവറുകൾ മുതൽ അറ്റാക്കിങ് മൂഡിലായിരുന്ന രോഹിത്-ധവാൻ കൂട്ട് ഇന്ത്യക്ക് മികച്ച തുടക്കംകുറിച്ചശേഷമാണ് പിരിഞ്ഞത്. പിന്നീട് കോഹ്ലിക്കൊപ്പം രോഹിത് അർധസെഞ്ച്വറിയും കുറിച്ചു.
അവസാന ഒാവറുകളിൽ പാണ്ഡ്യയും രവീന്ദ്ര ജദേജയും (9) റൺസ് അടിച്ചുകൂട്ടി. മൂന്നാം ട്വൻറി20 ചൊവ്വാഴ്ച ആൻറിഗ്വയിൽ നടക്കും.
107 സിക്സ്; രോഹിതിന് റെക്കോഡ്
ലോഡർഹിൽ: ട്വൻറി20യിലെ സിക്സർ വേട്ടയിലെ റെക്കോഡ് സ്വന്തം പേരിലാക്കി രോഹിത് ശർമ. രണ്ടാം മത്സരത്തിൽ മൂന്ന് സിക്സ് നേടിയ രോഹിത് ക്രിസ് ഗെയ്ലിെൻറ 105 സിക്സുകളെന്ന റെക്കോഡ് മറികടന്ന് 107ലെത്തി. ആദ്യ മത്സരത്തിൽ രണ്ട് സിക്സ് നേടിയ രോഹിത് 105ലെത്തിയിരുന്നു. 96 മത്സരങ്ങളിലാണ് രോഹിതിെൻറ നേട്ടം.
ക്രിസ് ഗെയ്ൽ 58 മത്സരത്തിലാണ് 105 സിക്സ് നേടിയത്. മൂന്നാമതുള്ള മാർട്ടിൻ ഗുപ്റ്റിൽ 76 മത്സരങ്ങളിൽ 103 സിക്സ് നേടി. രാജ്യാന്തര ട്വൻറി20യിൽ ഏറ്റവും കൂടുതൽ റൺസ് (2422), കൂടുതൽ സെഞ്ച്വറി (4) എന്നീ റെക്കോഡുകളും രോഹിതിെൻറ പേരിലാണ്.