
മൂന്നാം ദിനം 299 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച് ഫോളോഒാണിനു പകരം വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അജിൻക്യ രഹാനെ-ഹനുമ വിഹാരി കൂട്ടുകെട്ടിെൻറ കരുത്തിൽ അതിവേഗം 168 റൺസ് കൂടി ചേർത്താണ് വിൻഡീസിനു മുന്നിൽ വമ്പൻ വിജയലക്ഷ്യമുയർത്തിയത്. രണ്ടാം ഇന്നിങ്സിനിറങ്ങിയ വിൻഡീസ് നിരയിൽ ഒാപണർമാരായ ജോൺ കാംപ്ബെല്ലും (16) ക്രെയ്ഗ് ബ്രാത്വെയ്റ്റും (3) മൂന്നാം ദിനം തന്നെ മടങ്ങി. രണ്ടിന് 45 എന്ന സ്കോറിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിൻഡീസിന് തുടരെ വിക്കറ്റ് നഷ്ടമായി.
റോസ്റ്റൺ ചേസ് (12), ഷെംറോൺ ഹെറ്റ്മെയർ (1) എന്നിവർ പുറത്തായശേഷം ജർമൈൻ ബ്ലാക്വുഡും (38), ക്യാപ്റ്റൻ ജേസൺ ഹോൾഡറും (39) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ജഹ്മിർ ഹാമിൽട്ടൺ (0), റഹ്കീം കോൺവാൾ (1), കെമാർ റോച് (5) എന്നിവർ നിരനിരയായി മടങ്ങിയതോടെ ചായക്കുമുമ്പ് വിൻഡീസ് തോൽവി സമ്മതിച്ചു. തലക്ക് പരിക്കേറ്റുകയറിയ ഡാരൻ ബ്രാവോക്ക് (23) പകരക്കാരനായാണ് ബ്ലാക്വുഡ് ഇറങ്ങിയത്.

മൂന്നാം ദിനം റോച്ചിെൻറ പന്തുകൾക്കു മുന്നിൽ മുനയൊടിഞ്ഞ് വീണിട്ടും പിടിച്ചെഴുന്നേറ്റാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് നാലു വിക്കറ്റ് നഷ്ടത്തിൽ 168ലെത്തിയത്. ഒാപണർമാരായ ലോകേഷ് രാഹുലിനെയും (6), മായങ്ക് അഗർവാളിനെയും (4) എളുപ്പം മടക്കിയ റോച്ചിനു മുന്നിൽ ആദ്യ പന്തിൽ ആയുധം വെച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലിയും (0) മടങ്ങിയത് ഇന്ത്യൻ ക്യാമ്പിനെ സമ്മർദത്തിലാക്കി.
ചേതേശ്വർ പൂജാര 27 റൺസുമായി പിടിച്ചുനിന്നെങ്കിലും വൈകാതെ മടങ്ങി. 73 റൺസിനിടെ നാലാം വിക്കറ്റും വീണശേഷം കൂട്ടുചേർന്ന രഹാനെയും (64*) വിഹാരിയും (53*) ആണ് ഇന്ത്യയെ കരകയറ്റിയത്. രഹാനെ 109 പന്തിൽ എട്ടു ഫോറും ഒരു സിക്സും പായിച്ചപ്പോൾ വിഹാരി 76 പന്തിൽ എട്ട് ബൗണ്ടറിയടിച്ചു. രണ്ടാം ഇന്നിങ്സിലും താളം കണ്ടെത്തിയ വിഹാരി അർധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.