വിശാഖപട്ടണം: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ സ്പിൻ ബൗളർ കുൽദീപ് യാദവിന് ഹാട്രിക്. ഇന്ത്യ ഉയർത്തിയ 388 റൺസെന്ന കൂറ്റൻ സ്കോറിനു മുമ്പിൽ 35 ഓവർ പിന്നിടുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 എന്ന നിലയിലാണ് വെസ്റ്റിൻഡീസ്. ഷായ് ഹോപ് (78), ജെയ്സൺ ഹോൾഡർ (11), അൽസാരി ജോസഫ് (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്. നിക്കോളാസ് പുരാൻ 75 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. കുൽദീപ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.
ഓപ്പണർമാരായ രോഹിത് ശർമയും ലോകേഷ് രാഹുലും തകർത്തടിച്ച് നേടിയ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. 50 ഓവറിൽ അഞ്ച് വിക്കറ്റിന് 387 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനിറക്കുകയായിരുന്നു. തുടക്കം മുതൽ പതർച്ചകളില്ലാതെ കരീബിയൻ ബൗളിങ്ങിനെ പിച്ചി ചീന്തിയ ഓപ്പണിങ് കൂട്ടുകെട്ടിൽ ലോകേഷ് ആയിരുന്നു തുടക്കത്തിൽ കൂടുതൽ അക്രമകാരി.
107 പന്ത് നേരിട്ടപ്പോൾ രോഹിത് കരിയറിലെ 28ാമത് സെഞ്ച്വറി സ്വന്തം പേരിലാക്കി. തൊട്ടു പിന്നാലെ ലോകേഷും സെഞ്ച്വറി തൊട്ടു. 227 റൺസിൻെറ വമ്പൻ കൂട്ടുകെട്ടിനു ശേഷമാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. അൽസരി ജോസഫിൻെറ പന്തിൽ റോസ്റ്റൺ ചേസ് പിടിച്ച് ലോകേഷാണ് ആദ്യം പുറത്തായത്. ഒരൊറ്റ പന്തിൻെറ ആയുസു മാത്രമേ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുണ്ടായിരുന്നുള്ളു. റണ്ണെടുക്കാതെ കീറോൺ പൊള്ളാർഡിൻെറ പന്തിൽ റോസ്റ്റൺ ചേസിനു തന്നെ പിടികൊടുത്ത് കീഴടങ്ങുകയായിരുന്നു നായകൻ.
അപ്പോഴേക്കും മറുവശത്ത് രോഹിത് ആളിക്കത്താൻ തുടങ്ങി. തൻെറ നാലാം ഏകദിന ഡബിൾ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണെന്ന തോന്നലിനിടയിലാണ് രോഹിത് ശർമയെ വിക്കറ്റിനു പിന്നിൽ ഷായി ഹോപ് പിടികൂടിയത്. 138 പന്തിൽ 159 റൺസെടുത്താണ് രോഹിത് പുറത്തായത്. 17 ബൗണ്ടറികളും അഞ്ച് സിക്സറുകളും അതിനിടയിൽ പിറന്നു.
അവസാന ഓവറുകളിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർപ്പൻ ഷോട്ടുകളാണ് പായിച്ചത്. 28 പന്തിൽ അയ്യർ അർധ സെഞ്ച്വറി കുറിച്ചപ്പോൾ ട്വൻറി 20 ശൈലിയിൽ ബാറ്റുവീശിയ ഋഷഭ് പന്ത് 16 പന്തിൽ 39 റൺസുമായി പുറത്തായി. 32 പന്തിൽ 53 റൺസുമായി ശ്രേയസ് അയ്യരും മടങ്ങിയപ്പോൾ കേദാർ ജാദവ് 10 പന്തിൽ 16 റൺസുമായി മിന്നി.