ആൻറ്വിഗ: പരമ്പര ലക്ഷ്യമിട്ട് വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്നാം മത്സരത്തിലും ആതിഥേയരെ മുട്ടുകുത്തിച്ചതോടെ 2-0ന് ഇന്ത്യ മുന്നിലാണ്. മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. കരീബിയൻ പടയെ ഇന്ന് േതാൽപിച്ചാൽ ഇന്ത്യക്ക് പരമ്പരയുറപ്പിക്കാം.
മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ വിജയം 93 റൺസിനായിരുന്നു. ഒാപണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ അജിൻക്യാ രഹാനെ, വിക്കറ്റ് കീപ്പർ എം.എസ്. ധോണി എന്നിവരുടെ അർധസെഞ്ച്വറിയിൽ ഇന്ത്യ 251 റൺസെടുത്തപ്പോൾ, പൊരുതിനോക്കാൻ പോലുമാവാതെ വിൻഡീസ് നിര 158 റൺസിന് തകർന്നടിയുകയായിരുന്നു. ഇന്ത്യക്കായി രഹാനെ 72 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും ശിഖർ ധവാനും (2) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (11) പെെട്ടന്ന് പുറത്തായി.
യുവരാജ് സിങ്ങാണ് (39) രഹാനെക്ക് പിന്തുണ നൽകിയത്. പതുക്കെ നീങ്ങിയ ഇന്ത്യൻ സ്കോറിന് വേഗംവെച്ചത് അവസാന നിമിഷത്തിലെ ധോണിയുടെയും (78) കേദാർ യാദവിെൻറയും (26 പന്തിൽ 40) രക്ഷാപ്രവർത്തനമായിരുന്നു. വിൻഡീസ് നിരയിൽ ജാസൺ മുഹമ്മദിനും (40) റോവ്മാൻ പവലിനും (30) മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ അൽപമൊന്ന് പിടിച്ചുനിൽക്കാനായത്. ചൈനാമെൻ കുൽദീപ് യാദവും ആർ. അശ്വിനും മൂന്നും വീതം വിക്കറ്റ് വീഴ്ത്തി. ധോണിയാണ് കളിയിലെ കേമൻ.