പുണെ: ഇന്ത്യൻ പിച്ചിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കരുത്ത് തെളിയിക്കുന്ന കരീബിയൻ സംഘത്തെ മെരുക്കാൻ മൂർച്ചകൂടിയ ആയുധങ്ങളുമായി അങ്കത്തിനൊരുങ്ങി ഇന്ത്യ. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിന് ഇന്ത്യൻ പേസിങ്ങിെൻറ കുന്തമുനകളായ ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുംറയെയും തിരിച്ചുവിളിച്ചു. കളിച്ച രണ്ട് മത്സരങ്ങളിൽ മുന്നൂറിൽ കൂടുതൽ റൺമലകണ്ടെത്തിയ സന്ദർശകരെ തളക്കുകയെന്നതായിരിക്കും ഇരുവരുടെയും ചുമതല. മഹാരാഷ്ട്ര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പോരാട്ടം.
ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിെൻറ അനായാസ ജയം നേടിയ ഇന്ത്യക്കെതിരെ രണ്ടാം മത്സരത്തിൽ വിൻഡീസ് സമനില പിടിച്ചിരുന്നു.
തിരിച്ചുവരവിെൻറ സൂചന നൽകിയ സന്ദർശകർ മാനസിക മുൻതൂക്കവുമായിട്ടായിരിക്കും കളത്തിലിറങ്ങുക. അതുകൊണ്ടുതന്നെ പരമ്പരയിൽ മുന്നിലെത്താൻ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ച്ചവെച്ചേ തീരൂ. രണ്ടു മത്സരങ്ങളിലും സെഞ്ച്വറിയുമായി 10,000 റൺസ് തികച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ.
വിളിപ്പാടകലെയുള്ള ലോകകപ്പിന് ടീമിനെ ഒരുക്കാനുള്ള തയാറെടുപ്പായാണ് വിൻഡീസിെനതിരായ പരമ്പര ഇന്ത്യ കാണുന്നത്. 16 മത്സരങ്ങൾ മാത്രം മുന്നിലിരിക്കെ, മധ്യനിര സുഭദ്രമാണം. എന്നാൽ, ആദ്യ മത്സരത്തിൽ മധ്യനിരക്ക് ബാറ്റിങ് ലഭിച്ചില്ലെങ്കിലും രണ്ടാം മത്സരത്തിലെ അവസരം മുതലാക്കാൻ ആർക്കും കഴിഞ്ഞില്ല.
അമ്പാട്ടി റായുഡു അവസരത്തിനൊത്തുയർന്നെങ്കിലും അഞ്ചും ആറും ഏഴും സ്ഥാനങ്ങളിൽ സ്ഥിരത വന്നിട്ടില്ലാത്തത് വെല്ലുവിളിയാണ്. എം.എസ് ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇൗ സ്ഥാനങ്ങളിൽ. ആദ്യ നാലുപേർ പെെട്ടന്ന് മടങ്ങിയാൽ സ്കോറിങ് ഉയർത്തേണ്ട മധ്യനിര സ്ഥിരത പുലർത്തിയാൽ മാത്രമേ ഇന്ത്യക്ക് കളി ജയിക്കാനാവൂ.
ഗെയിലിെൻറ പിൻഗാമിയെന്ന് വിൻഡീസ് മാധ്യമങ്ങൾ വിളിക്കുന്ന ഷിംറോൺ ഹെറ്റ്മിയറാണ് സന്ദർശകരുടെ തുറുപ്പുശീട്ട്.
രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷെയ്്ഹോപ്പും ഫോംകണ്ടെത്തിക്കഴിഞ്ഞു. മറ്റുള്ളവരും ഫോമിലേക്കെത്തിയാൽ വിൻഡീസ് അനായാസം തിരിച്ചുവരും, തീർച്ച.