കൊൽക്കത്ത ടെസ്റ്റ്: രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് 49 റൺസ് ലീഡ്
text_fieldsകൊൽക്കത്ത: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 122 റൺസ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ നാലാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി അവസാനിപ്പിക്കുേമ്പാൾ ഒന്നിന് 171 എന്ന നിലയിലാണ്.
ഇന്ത്യക്ക് 49 റൺസിെൻറ രണ്ടാം ഇന്നിങ്സ് ലീഡുണ്ട്. 94 റൺസെടുത്ത ശിഖർ ധവാനാണ് പുറത്തായത്. ലോകേഷ് രാഹുൽ (73), പൂജാര (രണ്ട്) എന്നിവർ ക്രീസിലുണ്ട്. ആദ്യ ഇന്നിങ്സിൽ ലങ്ക 294 റൺസിന് പുറത്തായിരുന്നു. സ്കോർ: ഇന്ത്യ 172, 171/1. ശ്രീലങ്ക: 294.
94 റൺസ് എടുത്ത ഒാപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ദവാന്റെ വിക്കറ്റാണ് ടീം ഇന്ത്യക്ക് നഷ്ടമായത്. 116 പന്തിൽ നിന്ന് രണ്ട് സിക്സും 11 ഫോറും അടങ്ങുന്നതാണ് ദവാന്റെ 94 റൺസ്. ഷനകയുടെ പന്തിൽ ദിക് െവലയാണ് ദവാനെ പുറത്താക്കിയത്.
ആദ്യ ഇന്നിങ്സിൽ 294 റൺസിന് ശ്രീലങ്കയുടെ എല്ലാവരും പുറത്തായി. 165/4 എന്ന നിലയിലാണ് ലങ്ക നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായതോടെ ലങ്കയുടെ നില പരുങ്ങലിലായി. ഒരു ഘട്ടത്തിൽ 201/7 എന്ന നിലയിൽ തകർന്ന ടീമിനെ ഹെറാത്തിെൻറ ബാറ്റിങ്ങാണ് കരകയറ്റിയത്. തിരിമാന (51), എയ്ഞ്ചലോ മാത്യൂസ് (52) എന്നിവരും ലങ്കക്കായി അർധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി എന്നിവർ നാലു വിക്കറ്റ് വീതവും ഉമേഷ് യാദവ് രണ്ടു വിക്കറ്റും നേടി. ആദ്യ രണ്ടു ദിനങ്ങൾ ഭൂരിപക്ഷവും മഴമുടക്കിയ മൽസരത്തിെൻറ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 172 റൺസിന് പുറത്തായിരുന്നു.
പത്തിൽ പത്തും പേസർമാർക്ക്
കൊൽക്കത്ത: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ കരുത്ത് സ്പിന്നർമാരാണ്, പ്രത്യേകിച്ച് നാട്ടിലെ മത്സരങ്ങളിൽ. എന്നാൽ, ഇൗഡൻ ഗാർഡനിൽ കണ്ടത് പേസർമാരുടെ അഴിഞ്ഞാട്ടമാണ്. 31 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പേസർമാർ ഒരു ഇന്നിങ്സിലെ എല്ലാ വിക്കറ്റും സ്വന്തമാക്കുന്നത്. ഷമിയും ഭുവനേശ്വറും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് രണ്ട് പേരെ പുറത്താക്കി. ഇതിന് മുമ്പ് 1982, 1983, 1986 വർഷങ്ങളിലായിരുന്നു കപിലിെൻറ നേതൃത്വത്തിലുള്ള പേസർമാരുടെ അഴിഞ്ഞാട്ടം.
വീണ്ടും ഡി.ആർ.എസ് വിവാദം
കൊൽക്കത്ത: ഡ്രസിങ് റൂമിലേക്ക് നോക്കിയേശഷം ഡി.ആർ.എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) ഉപയോഗിച്ച് റിവ്യൂ നൽകിയ ദിൽറുവാൻ പെരേരയുടെ നടപടി വിവാദമായി. ഷമിയുടെ പന്തിൽ എൽ.ബി. ഡബ്ല്യൂവിൽ കുരുങ്ങിയ പെരേര റിവ്യൂ നൽകാതെ മടങ്ങിയിരുന്നു. എന്നാൽ, അൽപം നടന്നശേഷം തിരിച്ചുവന്ന പെരേര റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. മൂന്നാം അമ്പയർ പെരേര ഒൗട്ടല്ലെന്ന് വിധിക്കുകയും ചെയ്തു. ഡ്രസിങ് റൂമിൽ നിന്നുള്ള നിർദേശപ്രകാരമാണ് പെരേര റിവ്യൂ നൽകിയതെന്നാണ് ആരോപണം. ഇന്ത്യ-ഒാസീസ് ടെസ്റ്റിനിടെ ഡ്രസിങ് റൂമിൽ നോക്കിയശേഷം റിവ്യൂ നൽകിയ സ്മിത്തിെൻറ നടപടി വിവാദമായിരുന്നു.