കൊളംബോ: ഒന്നാം ടെസ്റ്റിലെ തകർപ്പൻ ജയത്തിെൻറ ആത്മവിശ്വാസത്തിൽ വിരാട് കോഹ്ലിയും സംഘവും ഇന്ന് വീണ്ടും ക്രീസിലേക്ക്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ കൊളംബോകൂടി പിടിച്ചാൽ ഇന്ത്യ ജയിച്ചുകഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ആതിഥേയരെ ബഹുദൂരം പിന്നിലാക്കിയ കോഹ്ലിപ്പട ഒരു ദിവസം ബാക്കിനിൽക്കെ 304 റൺസിനായിരുന്നു ഗാലെയിൽ കളി ജയിച്ചത്.
കോഹ്ലിക്ക് കൺഫ്യൂഷൻ
പനിയെ തുടർന്ന് ഒന്നാം ടെസ്റ്റ് നഷ്ടമായ ലോകേഷ് രാഹുലിെൻറ തിരിച്ചുവരവ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് കൺഫ്യൂഷനായി. ആരെ തള്ളണം, ആരെ കൊള്ളണം എന്നതിൽ തീരുമാനമെടുക്കാനാവാത്ത അവസ്ഥ. ഗാലെ ടെസ്റ്റിന് തൊട്ടുമുമ്പായി രാഹുൽ ടീമിന് പുറത്തായപ്പോൾ പകരക്കാരെൻറ വേഷത്തിലായിരുന്നു അഭിനവ് മുകുന്ദ് എത്തിയത്. മറുതലക്കൽ ശിഖർ ധവാനും. ആദ്യ ഇന്നിങ്സിൽ 190 റൺസടിച്ച ധവാൻ തകർപ്പൻ ഫോം പുറത്തെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ മുകുന്ദും കസറി.
81 റൺസിെൻറ നിർണായക ഇന്നിങ്സുമായി പകരക്കാരനും തിളങ്ങിയതോടെ ഒാപണിങ് ജോടി നിലയുറപ്പിച്ചു. ഇനി സ്ഥിരം ഒാപണറായ രാഹുലിന് ഇടംനൽകാൻ ആരെ ഒഴിവാക്കണമെന്ന കൺഫ്യൂഷനിലാണ് കോഹ്ലി. രാഹുലിെൻറ തിരിച്ചുവരവ് അനിവാര്യമാണെന്ന് വ്യക്തമാക്കിയ നായകൻ ആരെ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയില്ല. രാഹുലിെൻറ വരവിൽ പുറത്താവുന്നത് ധവാനോ മുകുന്ദോ. തീരുമാനം കോഹ്ലിയുടേതാണെങ്കിലും ഒന്നാം ടെസ്റ്റിൽ മാൻ ഒാഫ് ദ മാച്ചായ ധവാെൻറ ഇടം ഭദ്രമാണ്. മുകുന്ദ് പുറത്താവുമെന്ന് ഉറപ്പ്.
ടീമിൽ മറ്റു മാറ്റങ്ങളൊന്നുമുണ്ടാവില്ല. വിരാട് കോഹ്ലി, ചേതേശ്വർ പുജാര, ഹാർദിക് പാണ്ഡ്യ, അജിൻക്യ രഹാനെ എന്നിവർ ബാറ്റിങ്ങിലും മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ഉമേഷ് യാദവ് എന്നി വർ ബൗളിങ്ങിലും ഗാലെയിൽ മികവ് തെളിയിച്ചു കഴിഞ്ഞു.
ലങ്കയിൽ നായകനെത്തി
ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നും ഏഴും സ്ഥാനക്കാരുടെ വ്യത്യാസം പ്രകടമാവുന്നതായിരുന്നു ഗാലെയിലെ ഫലം. സ്വന്തം മണ്ണിൽ തകർന്നടിയാൻ വിധിക്കപ്പെട്ട ആതിഥേയർക്ക് ഉയിർത്തെഴുന്നേറ്റേ മതിയാവൂ. നായകൻ ദിനേഷ് ചാണ്ഡിമലും ബാറ്റ്സ്മാൻ ലാഹിരു തിരിമണ്ണെയും രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തിയത് ലങ്കക്ക് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. താൽക്കാലിക ക്യാപ്റ്റനായിരുന്ന രംഗന ഹെറാത്ത് കളിക്കുമോയെന്ന് ഇന്ന് മാത്രമേ ഉറപ്പിക്കാനാവൂ. ഫീൽഡിങ്ങിനിടെ വിരലിന് പരിക്കേറ്റ ഹെറാത്തിനെ ഇന്ന് ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാക്കും. കളിക്കാനായില്ലെങ്കിൽ ലക്ഷൻ സന്ദകൻ പകരക്കാരനാവും.