ഡർബൻ: നായകർ സെഞ്ച്വറിയുമായി മുന്നിൽനിന്ന് പടനയിച്ച മത്സരത്തിൽ ജയം വിരാട് കോഹ്ലിക്കൊപ്പം. എതിരാളികൾ മുന്നോട്ടുവെക്കുന്ന സ്കോർ പിന്തുടർന്ന് ടീമിന് ജയം നേടിക്കൊടുക്കുന്നതിൽ ഹരം കണ്ടെത്തുന്നത് പതിവാക്കിയ കോഹ്ലിയുടെ (119 പന്തിൽ 112) മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആധികാരിക ജയം.
ആറ് വിക്കറ്റിനാണ് സന്ദർശകർ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഫാഫ് ഡുെപ്ലസിസിെൻറ സെഞ്ച്വറി (112 പന്തിൽ 120) എട്ട് വിക്കറ്റിന് 269 റൺസ് എടുത്തപ്പോൾ ഇന്ത്യ 27 പന്ത് ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. അജിൻക്യ രഹാനെക്കൊപ്പം (86 പന്തിൽ 79) മൂന്നാം വിക്കറ്റിന്189 റൺസിെൻറ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് കോഹ്ലി ടീമിനെ ജയത്തിലേക്ക് നയിച്ചത്. ശിഖർ ധവാൻ (35), രോഹിത് ശർമ (20) എന്നിവർ പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യ (3), എം.എസ്. േധാണി (4) എന്നിവർ പുറത്താവാതെ നിന്നു. 10 ബൗണ്ടറിയടക്കമാണ് കോഹ്ലി 33ാം സെഞ്ച്വറിയിലേക്ക് ബാറ്റ് വീശിയത്.
നേരത്തേ മുൻനിര തകർന്നിട്ടും നായകെൻറ നെഞ്ചുറപ്പോടെ ഡുെപ്ലസിസ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ടെസ്റ്റ് പരമ്പരയുടെ പിന്തുടർച്ചയായി ബൗളർമാർ അടക്കിവാഴുമെന്ന് തോന്നലുളവാക്കിയ മത്സരത്തിൽ ഡുെപ്ലസിസിെൻറ ചെറുത്തുനിൽപാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ യുസ്വേന്ദ്ര ചഹൽ രണ്ടും ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് ഒഴികെ കാര്യങ്ങളൊന്നും ദക്ഷിണാഫ്രിക്കക്കൊപ്പമല്ലായിരുന്നു. സ്കോർ ബോർഡിൽ 134 റൺസെത്തിയപ്പോൾ അഞ്ച് മുൻനിര ബാറ്റ്സ്മാന്മാരും പവലിയനിൽ വിശ്രമിക്കാനെത്തി. ഒാപണർമാരായ ഡി കോക്കും (34) ഹാഷിം ആംലയും (16) മെല്ലെയാണ് കളി തുടങ്ങിയത്. ആംലയെ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറയാണ് ആദ്യ പ്രഹരമേൽപിച്ചത്. ഒാഫ് സ്റ്റംപിന് പുറത്തേക്ക് പോയ ചഹലിെൻറ പന്തിലാണ് ഡികോക്കിനെതിരെ എൽ.ബി.ഡബ്ല്യൂ വിളിച്ചത്. എന്നാൽ, ഡി.ആർ.എസിന് മുതിരാതെ ഡികോക് മടങ്ങിയത് ഇന്ത്യക്ക് ഗുണം ചെയ്തു. പരിക്കേറ്റ ഡിവില്ലിയേഴ്സിന് പകരം ടീമിലെത്തിയ മാർക്റാമിന് ഒമ്പത് റൺസിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഡുമിനിയും (12) മില്ലറും (ഏഴ്) വൈകാതെ മടങ്ങി.

നായകന് കൂട്ടായി മോറിസ് (37) എത്തിയതോടെയാണ് ദക്ഷിണാഫ്രിക്കൻ സ്കോറിന് വേഗം വെച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. മോറിസിന് പിന്നാലെയെത്തിയ പെഹ്ലുക്വായും (27) ഡുെപ്ലസിസിന് പിന്തുണനൽകി. അവസാന ഒാവറിലാണ് നായകൻ പുറത്തായത്. 11 ഫോറും രണ്ട് സിക്സറുമടക്കമാണ് ഡുെപ്ലസിസ് എട്ടാം സെഞ്ച്വറി തികച്ചത്. വാലറ്റത്തിെൻറ ചെറുത്തുനിൽപ് കൂടിയായപ്പോൾ നിശ്ചിത ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 269 റൺസെടുത്തത്. രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ ഡർബനിൽ കളിക്കാനിറങ്ങിയത്.