വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ ആദ്യ ദിനം രോഹിത് ശർമയായിരുന്നു താരമെങ്കിൽ, രണ്ടാം ദിനം മിന്നും പ്രകടനത്തിലൂടെ ഓപണർ മായങ്ക് അഗർവാൾ (215) തേൻറതാക്കി മാറ്റി. കരിയറിൽ അഞ്ചാം ടെസ്റ്റിൽ പാഡുകെട്ടിയിറങ്ങിയ അഗർവാൾ കന്നി ശതകമെന്ന അഭിമാനനേട്ടം കൊയ്ത അതേദിനത്തിൽ ഇരട്ടസെഞ്ച്വറിയുടെ തിളക്കത്തിലേറി സന്തോഷം ഇരട്ടിയാക്കി. രോഹിത് ശർമയും (176) മായങ്കും ക്രീസ് വാണതോടെ ഒന്നാമിന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 502 റൺെസന്നനിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ദിവസം മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് സ്കോർബാർഡിൽ 39 റൺസ് മാത്രം ചേർക്കുേമ്പാഴേക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ 463 റൺസിന് പിന്നിലാണ് സന്ദർശകർ.
റെക്കോഡിട്ട് പുതിയ ജോടി
വിക്കറ്റ് നഷ്ടമില്ലാതെ 202 റൺസെന്ന നിലയിൽ രണ്ടാം ദിനം മത്സരം പുനരാരംഭിച്ച ഇന്ത്യൻ ഓപണർമാർ തലേന്ന് നിർത്തിയേടത്തുനിന്നാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ 317 റൺസിെൻറ റെക്കോഡ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. വിനു മങ്കാദ്-പങ്കജ് റോയ് (413-പാകിസ്താൻ-1956), രാഹുല്‍ ദ്രാവിഡ്-വീരേന്ദര്‍ സെവാഗ് (410-പാകിസ്താൻ-2006) എന്നീ സഖ്യങ്ങൾ മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യക്കായി ഓപണിങ് കൂട്ടുെകട്ടിൽ 300 പിന്നിട്ടത്.

ദക്ഷിണാഫ്രിക്കക്കെതിരെ ഏതുവിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 2007ല്‍ ചെന്നൈയിൽ സെവാഗ്-ദ്രാവിഡ് സഖ്യം കുറിച്ച 268 റണ്‍സിെൻറ കൂട്ടുകെട്ടിെൻറ റെക്കോഡാണ് വഴിമാറിയത്. ഒരുഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (12) അടിച്ചുകൂട്ടിയ ഓപണിങ് സഖ്യമെന്ന നേട്ടവും ഇരുവരും സ്വന്തമാക്കി. ഇരട്ടെസഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് ശർമയെ (176) കേശവ് മഹാരാജിെൻറ പന്തിൽ വിക്കറ്റ് കീപ്പർ ക്വിൻറൺ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
പിന്നാലെ വന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി (20), അജിൻക്യ രഹാനെ (15), ചേതേശ്വർ പൂജാര (6) എന്നിവർക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല. ഇന്ത്യൻ വംശജനായ സെനുറാൻ മുത്തുസാമിക്ക് അരങ്ങേറ്റ മത്സരത്തിൽതന്നെ കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കാനായി. രവീന്ദ്ര ജദേജ (30 നോട്ടൗട്ട്), വൃദ്ധിമാൻ സാഹ (21), ഹനുമ വിഹാരി (10), ആർ. അശ്വിൻ (ഒന്ന് നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ സംഭാവന. സന്ദർശകർക്കായി മഹാരാജ് മൂന്നും വെർനോൻ ഫിലാൻഡർ, ഡെയ്ൻ പീറ്റ്, മുത്തുസാമി, ഡീൻ എൽഗാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഡബ്ൾ അഗർ‘വാൾ’
കന്നി ടെസ്റ്റ് സെഞ്ചുറി ഇരട്ടശതകമാക്കി മാറ്റിയ നാലാമത്തെ ഇന്ത്യന്‍ താരമാണ് കർണാടകക്കാരനായ അഗര്‍വാള്‍. കരുണ്‍ നായര്‍ (303*), വിനോദ് കാംബ്ലി (224), ദിലീപ് സര്‍ദേശായി (200*) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 206 പന്തില്‍ സെഞ്ച്വറി തികച്ച അഗർവാൾ 358 പന്തിലാണ് 200ലെത്തിയത്. എല്‍ഗര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 23 ഫോറും ആറ് സിക്സും താരത്തിെൻറ ബാറ്റിൽനിന്നും പിറന്നിരുന്നു.

തുടക്കം പാളി ദക്ഷിണാഫ്രിക്ക
ആദ്യ മൂന്ന് ഓവറുകൾ പേസർമാർക്ക് നൽകി നാലാം ഒാവറിൽതന്നെ സ്പിന്നർമാരെ കളത്തിലിറക്കിയ കോഹ്ലിയുടെ തന്ത്രം ലക്ഷ്യം കണ്ടു. തെൻറ മൂന്നാം ഓവറിൽതന്നെ അശ്വിൻ അപകടകാരിയായ ഓപണർ എയ്ഡൻ മർക്രമിെൻറ (അഞ്ച്) കുറ്റിതെറിപ്പിച്ചു. ത്യൂനിസ് ഡിബ്രൂയിനെ (നാല്) കീപ്പർ സാഹയുടെ കൈകളിലെത്തിച്ച് അശ്വിൻ ഇരട്ടപ്രഹരമേൽപിച്ചു. അടുത്തത് ജദേജയുടെ ഊഴമായിരുന്നു. നൈറ്റ്വാച്ച്മാനായെത്തിയ ഡെയ്ൻ പീറ്റിനെ തൊട്ടടുത്ത ഓവറിൽ ബൗൾഡാക്കി ജദേജ സന്ദർശകരെ സമ്മർദത്തിലാക്കി. 27 റൺസെടുത്ത ഓപണർ ഡീൻ എഡ്ഗാറും ടെംബ ബാവുമയുമാണ് (രണ്ട്) ക്രീസിൽ.