അജയ്യം, അപരാജിതം ഇന്ത്യ

  • ട്വന്‍റി20 പരമ്പര 5-0ന് തൂത്തുവാരി; ഇന്ത്യക്ക് റെക്കോർഡ്

16:10 PM
02/02/2020

മൗണ്ട് മൗംഗനൂയി: തോൽവിയുടെ വക്കിൽ നിന്നും പോരാടി നേടിയ വിജയത്തോടെ ഇന്ത്യ ന്യൂസിലാൻഡിനെതിരായ ട്വന്‍റി20 പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കി. അഞ്ചാം ട്വന്‍റി20 മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യ കിവികളെ പരാജയപ്പെടുത്തിയത്. സ്കോർ- ഇന്ത്യ: 3/163 (20 ഓവർ). ന്യൂസിലാൻഡ്: 9/156 (20 ഓവർ). 5-0ന് പരമ്പര സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യ നേടി. 12 റൺസിന് മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. കെ.എൽ. രാഹുലാണ് പരമ്പരയിലെ താരം. 

അവസാന ഓവറിൽ 10ാം വിക്കറ്റുകാരൻ ഇഷ് സോധിയുടെ കണ്ണടച്ചുള്ള രണ്ട് സിക്സറുകൾ ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റിയെങ്കിലും കിവീസിന്‍റെ പരാജയത്തെ തടുക്കാനായില്ല. ഒടുവിൽ വിജയത്തിന് ഏഴ് റൺസകലെ കിവീസ് ബാറ്റിങ് അവസാനിച്ചു. ജയിക്കാൻ കഴിയുന്ന മത്സരങ്ങൽ പോലും തോൽക്കുന്നവരെന്ന ദുഷ്പേര് ഏറ്റുവാങ്ങി സ്വന്തം കാണികൾക്കു മുമ്പിൽ ന്യൂസിലാൻഡ് താരങ്ങൾ തലതാഴ്ത്തി. 

അർധസെഞ്ച്വറിയുമായി മുന്നേറിയ ടെയ്ലറും ടിം സെയ്ഫേർട്ടും തകർത്തടിച്ചതോടെ കളി ഇന്ത്യയുടെ കയ്യിൽ നിന്നും കിവീസിന്‍റെ കയ്യിലേക്ക് മാറിയിരുന്നു. എന്നാൽ, റോസ് ടെയ്ലറുടെ വിക്കറ്റ് വീണതോടെ ഇന്ത്യ തിരിച്ചടിച്ചു. 30 പന്തിൽ 50 റൺസെടുത്ത സെയ്ഫേർട്ടും 47 പന്തിൽ 53 റൺസെടുത്ത ടെയ്ലറും പുറത്തായതോടെ മത്സരം ഇന്ത്യയുടേതായി.  

രോഹിത് ശർമയുടെയും (60 നോട്ടൗട്ട്) കെ.എൽ. രാഹുലിന്‍റെയും (45) ഇന്നിങ്സുകളുടെ പിൻബലത്തിലാണ് ന്യൂസിലാൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ 164 റൺസെന്ന വിജയലക്ഷ്യം ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിനാണ് ഇന്ത്യ 163 റൺസെടുത്തത്. ശ്രേയസ് അയ്യർ 33 റൺസോടെയും മനീഷ് പാണ്ഡെ 11 റൺസോടെയും പുറത്താകാതെ നിന്നു. ശിവം ദുബെ (അഞ്ച്), സഞ്ജു സാസംൺ (രണ്ട്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 

60 റൺസോടെ മികച്ച പ്രകടനവുമായി ക്രീസിൽ തുടരുമ്പോൾ ഇന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് പേശീവലിവ് മൂലം റിട്ടയർഡ് ഹർട്ട് ആയി പുറത്തുപോവേണ്ടിവന്നു. 41 പന്തിൽ മൂന്ന് വീതം ഫോറും സിക്സും പറത്തിയാണ് രോഹിതിന്‍റെ 60 റൺ നേട്ടം. അവസാന ഓവറുകളിൽ ശ്രേയസ് അയ്യരും മികവ് കാട്ടി. 

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് മത്സരത്തിൽ നിന്ന് വിശ്രമം അനുവദിച്ചു. കെ.എൽ. രാഹുലും സഞ്ജു സാംസണും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, സ്കോട്ട് കുഗ്ഗെലെയിൻ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ സഞ്ജു സാംസൺ മിച്ചൽ സാന്‍റ്നർ പിടിച്ച് പുറത്താവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും അവസരം ലഭിച്ച സഞ്ജു നിരാശപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ മത്സരത്തിന്‍റെ തുടർച്ചയെന്നോണമായിരുന്നു കെ.എൽ. രാഹുലിന്‍റെ ബാറ്റിങ്. നാല് ഫോറും രണ്ട് കൂറ്റൻ സിക്സറും ഉൾപ്പെട്ടതാണ് രാഹുലിന്‍റെ ഇന്നിങ്സ്. ഹാമിഷ് ബെന്നറ്റ് എറിഞ്ഞ 12ാം ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ സാന്‍റ്നർ പിടിച്ച് പുറത്താവുകയായിരുന്നു. 

ഇതുവരെ നടന്ന നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. 

Loading...
COMMENTS