ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 86 റൺസിെൻറ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 322 റൺസ് പടുത്തുയർത്തിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ അവർ 236 റൺന് ഒതുക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത വലം കൈയ്യൻ പേസർ ലിയാം പ്ലങ്കറ്റാണ് ഇന്ത്യൻ നിരയെ തകർത്തത്.
ഇന്ത്യക്ക് വേണ്ടി സുരേഷ് റൈന 46ഉം വിരാട് കോഹ്ലി 45ഉം റൺസെടുത്തു. ഇരുവരും ചേർന്ന് നടത്തിയ ചെറുത്തു നിൽപാണ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഓപ്പണർമാരായ രോഹിത് ശർമ്മയും (15), ശിഖാർ ധവാനും (36) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും 8,9 ഒാവറുകളിലായി ഇരുവരും 57 റൺസ് ചേർത്ത് മടങ്ങുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ലോകേഷ് രാഹുൽ റൺസൊന്നുമെടുക്കാതെ 10ാം ഒാവറിൽ തന്നെ കൂടാരം കറയിയതും ഇന്ത്യക്ക് തിരിച്ചടിയായി. ധോണി 37 റൺസെടുത്ത് ടീമിന് വിജയ പ്രതീഷ നൽകിയെങ്കിലും ഇംഗ്ലണ്ട് ബൗളർമാരുടെ മുന്നിൽ പതറുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി കരിയറിലെ പന്ത്രണ്ടാം ഏകദിന സെഞ്ചുറി നേടിയ ജോ റുട്ട് (113), അർധസെഞ്ചുറികൾ അടിച്ചുകൂട്ടിയ ഇയാൻ മോർഗൻ(53), ഡേവിഡ് വില്ലി (50) എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 322 എന്ന കൂറ്റൻ സ്കോറിൽ എത്തിയത്.