നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ചൈനാ മാൻ കുൽദീപ് യാദവിെൻറ സ്പിൻ മികവിൽ ആതിഥേയരെ 268 റൺസിന് കൂടാരം കയറ്റി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിര കുൽദീപിെൻറ ഇടങ്കയ്യൻ സ്പിൻ മാന്ത്രികതയിൽ പതറുകയായിരുന്നു. 10 ഒാവറിൽ 25 റൺസ് മാത്രം വഴങ്ങി കുൽദീപ് ഇന്ന് കുറിച്ചത് തെൻറ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്.
ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് (50) ജോസ് ബട്ലർ (53) എന്നിവർ പൊരുതിയിരുന്നില്ലെങ്കിൽ ടീം ചെറിയ സ്കോറിന് ഒതുങ്ങുമായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒാപണർമാരായ ജേസൺ റോയ് ജോന്നി ബൈർസ്റ്റോ എന്നിവർ 38 റൺസ് വീതമെടുത്ത് ടീമിനെ വൻ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ കുൽദീപ് പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട് തകരാൻ തുടങ്ങിയിരുന്നു. തുടർന്ന് ഒമ്പത് റൺസെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ.
ഇന്ത്യൻ നിരയിൽ സിദ്ധാർഥ് കൗൾ ഇന്നത്തെ മൽസരത്തിലൂടെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. പരുക്കുള്ള ഭുവനേശ്വർ കുമാറിന് പകരക്കാരനായാണ് കൗൾ ടീമിലെത്തിയത്.