ഇേന്ദാർ: നിർണായകമായ മൂന്നാം ഏകദിനത്തിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 294 റൺസ് വിജയലക്ഷ്യം. പരിക്ക് മാറി തിരിച്ചെത്തിയ
ഓപണർ ആരോൺ ഫിഞ്ചിൻെറ (124) സെഞ്ച്വറി മികവിലാണ് ഒാസീസ് മുന്നൂറിനടുത്തെത്തിയത്. റണ്ണൊഴുകുന്ന ഇന്ദോറിലെ പിച്ചിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഒാസീസിൻെറ സ്കോർ.

ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് മൂന്നാം ഏകദിനത്തിനിറങ്ങിയത്. കാർട്ട്‌റൈറ്റിനും മാത്യൂ വെയ്‌ഡിനും പകരമായി ആരോൺ ഫിഞ്ചിനെയും ഹാൻഡ്സ്കോംപിനെയും ടീമിൽ ഉൾപ്പെടുത്തി. 42 റൺസെടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഹാർദിക് പാണ്ഡ്യയാണ് വാർണറെ പുറത്താക്കിയത്. പിന്നീട് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം (63) ചേർന്ന് ഫിഞ്ച് നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 154 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്.

സ്മിത്തിനെയും ഫിഞ്ചിനെയും മടക്കി കുൽദിപ് യാദവ് ഇന്ത്യയുടെ രക്ഷകനായതോടെ ആസ്ട്രേലിയ വീണ്ടും ബാക്ക് ഫൂട്ടിലായി. പിന്നീടെത്തിയ ഗ്ലെൻ മാക്സ്വെൽ (5), ട്രാവിസ് ഹെഡ് (4), ഹാൻഡ്സ്കൊംബ്(3) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. അവസാന ഒാവുകളിൽ ആഞടിച്ച് മാർക്സ സ്റ്റോണിസ് ആണ് ഒാസീസ് സ്കോർ 300നടുത്തെത്തിച്ചത്. കുൽദീപിനെക്കൂടാതെ ബുമ്രയും രണ്ട് വിക്കറ്റ് വീഴ്ത്തി.
തുടർച്ചയായ ഒമ്പതാം ഏകദിന വിജയം ലക്ഷ്യമിട്ടിറങ്ങുകയാണ് ഇന്ത്യ. വിദേശമണ്ണിലെ 11ാം തുടർ തോൽവി പേടിച്ചിറങ്ങുകയാണ് ഒാസീസ്.അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ടു കളിയും ജയിച്ചുനിൽക്കുന്ന ഇന്ത്യക്കാണ് മുൻതൂക്കം. ടൂർണമെൻറിലെ റൺവരൾച്ചക്ക് പരിഹാരം തേടിയാണ് ഇരുടീമുകളും ഇന്ദോറിലെ ഹോൾകാർ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നത്.
