അഞ്ചു വിക്കറ്റ് ജയം; ശ്രീലങ്കക്കെതിരായ ട്വൻറി20 പരമ്പര ഇന്ത്യ തൂത്തുവാരി
text_fieldsമുംബൈ: ആശ്വാസ ജയം തേടിയിറങ്ങിയ ശ്രീലങ്കക്ക് അവസാന മത്സരത്തിലും ജയിക്കാനായില്ല. അവസാന ട്വൻറി20 മത്സരത്തിൽ അഞ്ചു വിക്കറ്റ് ജയത്തോടെ 3-0ന് ഇന്ത്യ പരമ്പര തൂത്തുവാരി. ശ്രീലങ്ക ഉയർത്തിയ 135 റൺസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിവെച്ച് ബൗളർമാർ വിക്കറ്റ് നേരത്തെ വീഴ്ത്തിത്തുടങ്ങിയിരുന്നു. ഉനദ്കട്ടാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. രണ്ടാം ഒാവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ലെയ മുഹമ്മദ് സിറാജിെൻറ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ, ട്വൻറി20യിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൺ സുന്ദർ കുശാൽ പെരേരയെയും (4) പുറത്താക്കി. പിന്നീടങ്ങോട്ട് ശ്രീലങ്കൻ താരങ്ങൾ പവലിയനിലേക്ക് മടങ്ങാൻ മത്സരിച്ചു. ഉപുൽ തരംഗ (11), സന്ദീര സമരവിക്രമ (21), ധനുഷ്ക ഗുണതിലക (3), ക്യാപ്റ്റൻ തിസേര പെരേര (11) എന്നിവരെല്ലാം പിടിച്ചുനിൽക്കാനാവാതെ മടങ്ങി. വൻ തകർച്ചയിൽനിന്നും അസേല ഗുണരത്നെയും (36) പുറത്താകാതെ നിന്ന ഷാനകയുമാണ് (29) കരകയറ്റിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ നാലാം ഒാവറിൽ ഒാപണർ ലോകേഷ് രാഹുൽ(4) പെട്ടന്ന് പുറത്തായി. ദുഷ്മന്തമ ചമീരയെറിഞ്ഞ പന്തിൽ രാഹുൽ എൽബിയിൽ കുരുങ്ങുകയായിരുന്നു. പിന്നാലെ രോഹിത് ശർമ കൂറ്റനടി തുടങ്ങിയെങ്കിലും നീണ്ടു നിന്നില്ല. ദാസുൻ ഷാനകയുടെ പന്ത് സിക്സറിന് പറത്താനുള്ള ശ്രമം കുശാൽ പെരേരയുടെ കൈയിലൊതുങ്ങി. ശ്രേയസ് അയ്യുറും(30) മനീഷ് പാണ്ഡ്യയും(32) പിന്നാലെ ഹാർദിക് പാണ്ഡ്യയും(4) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ, ധോണിയും(16), ദിനേഷ് കാർത്തികും(18) ചേർന്ന് വിജയിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
