പ്രതിരോധത്തിലൂടെ ഇന്ത്യക്ക് മറുപടിയുമായി ബംഗ്ലാദേശ്
text_fieldsഹൈദരാബാദ്: മുന്നിലുള്ളത് ഹിമാലയന്‍ മലനിരകളാണെങ്കിലും കീഴടക്കാനാവണം ശ്രമമെന്നാണ് ബംഗ്ളാദേശിന്‍െറ സിദ്ധാന്തം. അതുതന്നെയാണ്, ഉപ്പല്‍ ടെസ്റ്റില്‍ മുശ്ഫിഖുര്‍ റഹീമും സംഘവും തെളിയിക്കുന്നത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഒരുക്കിയ 687 എന്ന കൂറ്റന്‍ ടോട്ടലിനു മുന്നില്‍ പതറാതെ ബംഗ്ളാദേശിന്‍െറ ചെറുത്തുനില്‍പ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ബംഗ്ളാദേശ് ആറിന് 322 റണ്‍സെന്ന നിലയിലാണ്. 81 റണ്‍സുമായി ക്യാപ്റ്റന്‍ മുശ്ഫിഖുര്‍റഹീമും 51 റണ്‍സുമായി മെഹ്ദി ഹസന്‍ മിറാസുമാണ് ക്രീസില്‍.365 റണ്‍സിന്‍െറ ലീഡുമായി കളി ഇപ്പോഴും ഇന്ത്യന്‍ നിയന്ത്രണത്തിലാണെങ്കിലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ടീമിനെതിരെ ഒമ്പതാം സ്ഥാനക്കാരായ ബംഗ്ളാദേശിന്‍െറ ചെറുത്തുനില്‍പിന് പോരാട്ടവീര്യത്തിന്‍െറ ത്രില്ലുണ്ട്.

വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (204), മുരളി വിജയ് (108), വൃദ്ധിമാന്‍ സാഹ (106) എന്നിവരുടെ സെഞ്ച്വറികളുടെയും ബലത്തില്‍ കെട്ടിപ്പടുത്ത വന്‍ ടോട്ടലിനെതിരെ തകര്‍ച്ചയോടെയാണ് തുടങ്ങിയതെങ്കിലും കൃത്യമായ ഗെയിം പ്ളാനൊരുക്കിയാണ് ബംഗ്ളാദേശ് ശനിയാഴ്ച ക്രീസിലത്തെിയത്. ഇംഗ്ളീഷ് ബാറ്റ്സ്മാന്മാര്‍ കറങ്ങിവീണ പിച്ചില്‍ പുറത്താകാതെ ഒരു ദിനം മുഴുവന്‍ പിടിച്ചുനിന്നതുതന്നെ അയല്‍ക്കാരുടെ യുവസംഘത്തിന്‍െറ കരുത്തിന് അടിവരയിടുന്നു.
ഒന്നിന് 41 റണ്‍സെന്ന നിലയിലാണ് അയല്‍ക്കാര്‍ മൂന്നാം ദിനം കളി തുടങ്ങിയത്. ക്രീസില്‍ തമീം ഇഖ്ബാലും മുഅ്മിനുല്‍ ഹഖും. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ചേര്‍ന്ന് തുടങ്ങിയ ബൗളിങ് ആക്രമണത്തില്‍ എതിരാളികള്‍ക്ക് പിഴച്ചുതുടങ്ങി. ഭുവനേശ്വര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തമീം ഇഖ്ബാല്‍ റണ്ണൗട്ടായി (24) മടങ്ങിയതോടെ തിരിച്ചടി തുടങ്ങി.

എട്ട് ഓവര്‍കൂടി തീര്‍ക്കുന്നതിനിടെ ബംഗ്ളാദേശിന്‍െറ മൂന്നാം വിക്കറ്റും വീണു. മുഅ്മിനുല്‍ ഹഖിനെ (12) ഉമേഷ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ മഹ്മൂദുല്ലയും ശാകിബുല്‍ ഹസനും ചേര്‍ന്ന് കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നതിനിടെ അതും വീണു. 28 റണ്‍സെടുത്ത മഹ്മൂദുല്ലയെ ഇഷാന്ത് ശര്‍മ വിക്കറ്റിനു മുന്നില്‍ കുരുക്കി മടക്കി അയച്ചു. ഇന്ത്യന്‍ ക്യാമ്പ് അനായാസ മുന്നേറ്റം പ്രതീക്ഷിച്ചിരിക്കെ അഞ്ചാം വിക്കറ്റില്‍ ശാകിബും മുശ്ഫിഖുര്‍റഹീമും ചേര്‍ന്നതോടെ തിരക്കഥ മാറി. 35ാം ഓവറില്‍ ആരംഭിച്ച കൂട്ടുകെട്ട് വഴിപിരിഞ്ഞത് 63ാം ഓവറില്‍. ബാറ്റിങ്ങിലെ ഓള്‍റൗണ്ട് ശൈലി മാറ്റിവെച്ച ശാകിബ് ഷോട്ട് സെലക്ഷനില്‍ പക്വത കാണിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കായിരുന്നു തലവേദന. ഭുവനേശ്വറിന്‍െറയും ഉമേഷിന്‍െറയും പന്തുകളെ കരുതിക്കളിച്ച ശാകിബ് ജദേജയുടെ സ്ളോഓവറുകളില്‍ പന്ത് അതിര്‍ത്തികടത്തി ആഘോഷിച്ചു. മുശ്ഫിഖും മോശമാക്കിയില്ല. ഇഷാന്തിനെ റാംപ് ഷോട്ടിലൂടെയും ജദേജ, അശ്വിന്‍ എന്നിവരെ കട്ട്ഷോട്ടിലൂടെ പറത്തിയും മുശ്ഫിഖ് സ്കോര്‍ബോര്‍ഡുയര്‍ത്തി. 107 റണ്‍സ് പിറന്ന അഞ്ചാം വിക്കറ്റ് വഴിപിരിയുമ്പോള്‍ ബംഗ്ളാദേശ് 216ലത്തെി. സെഞ്ച്വറിയിലേക്ക് കുതിച്ച ശാകിബിനെ അശ്വിന്‍െറ പന്തില്‍ ഉമേഷ് കൈപ്പിടിയിലൊതുക്കി. ശ്രദ്ധേയ ഇന്നിങ്സില്‍ പിറന്നത് 14 ബൗണ്ടറികള്‍.
സാബിര്‍ റഹ്മാനായിരുന്നു പിന്നീട് ക്രീസില്‍. പക്ഷേ, 35 പന്ത് നേരിട്ട സാബിര്‍ ജദേജക്കു മുന്നില്‍ കുരുങ്ങി.

ഏഴാം വിക്കറ്റില്‍ മുശ്ഫിനൊപ്പം മെഹ്ദി ഹസന്‍ ചേര്‍ന്നതോടെ സന്ദര്‍ശകര്‍ക്ക് ഫോളോഓണ്‍ മറികടക്കാമെന്നായി. 72ാം ഓവറില്‍ ഒന്നിച്ചവര്‍, മൂന്നാം ദിനത്തില്‍ ശേഷിച്ച 33 ഓവര്‍കൂടി പിടിച്ചുനിന്നപ്പോള്‍ കോഹ്ലിയുടെ ആയുധങ്ങളൊന്നും ഏശിയില്ല. ചായകഴിഞ്ഞ് ക്രീസിലത്തെിയപ്പോള്‍ ഒരു മണിക്കൂറില്‍ നാല് റണ്‍സ് മാത്രമായിരുന്നു മുശ്ഫിഖ് നേടിയത്. അശ്വിന്‍െറയും ജദേജയുടെയും ഓവറുകളില്‍ സില്ലിപോയന്‍റിലും ഷോട്ട്ലെഗിലും ഫീല്‍ഡിങ് കോട്ടകെട്ടിയെങ്കിലും മുശ്ഫിഖിന്‍െറ ബാറ്റ് ഒരു അവസരവും നല്‍കിയില്ല. 206 പന്ത് നേരിട്ട് 12 ബൗണ്ടറിയോടെയായിരുന്നു 81 റണ്‍സെന്ന നിര്‍ണായക ഇന്നിങ്സ്. ഉറച്ച പിന്തുണ നല്‍കിയ മെഹ്ദി ഹസന്‍ കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറിയും കണ്ടത്തെി. 165 റണ്‍സ് കൂടി കടന്നാല്‍ സന്ദര്‍ശകര്‍ക്ക് ഫോളോഓണ്‍ വെല്ലുവിളി ഒഴിവാക്കാം. എന്നാല്‍, ഗതിമാറുന്ന പിച്ചില്‍ ഇന്ന് അശ്വിനും ജദേജയും കൂടുതല്‍ അപകടകാരികളായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
