ആന്‍റിഗ്വ: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 318 റൺസിന്‍റെ കൂറ്റൻ ജയം. രണ്ടാം ഇന്നിങ്സിൽ 419 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ നേതൃത്വത്തി ൽ ഇന്ത്യൻ ബൗളർമാർ 100 റൺസിന് ചുരുട്ടിക്കെട്ടി. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴ് വിക്കറ്റിന് 343 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. സ്‌കോര്‍: ഇന്ത്യ -297, 343/7 ഡിക്ലയേഡ്. വെസ്റ്റിന്‍ഡീസ് -222,100.
എട്ട് ഓവറിൽ വെറും ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ ബുംറയുടെ മാരക ബൗളിങ്ങിന് മുന്നിലാണ് വെസ്റ്റിൻഡീസ് തകർന്നത്. ഇഷാന്ത് ശർമ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. പതിനൊന്നാമത് ടെസ്റ്റ് കളിക്കുന്ന ബുംറ അതിവേഗം 50 വിക്കറ്റ് തികയ്ക്കുന്ന താരമായി.
കെമർ റോച്ച് (38), മിഗ്വേൽ കമ്മിൻസ് (പുറത്താകാതെ 19), റോസ്റ്റൺ ചേസ് (12) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടത്. റോച്ചും കമ്മിൻസും ചേർന്ന് അവസാന വിക്കറ്റിൽ നേടിയ 50 റൺസാണ് വിൻഡീസിനെ 100ൽ എത്തിച്ചത്.
നേരത്തെ, അജിങ്ക്യ രഹാനെയുടെ സെഞ്ച്വറി (102) മികവിലാണ് ഇന്ത്യ 343 റൺസിൽ ഡിക്ലയർ ചെയ്തത്. ഹനുമ വിഹാരി 92 റൺസും ക്യാപ്റ്റൻ വിരാട് കോഹ് ലി 51 റൺസുമെടുത്തു.