ലീഡ്സ്: ലീഗ് റൗണ്ടിന് വിജയത്തോടെ പരിസമാപ്തി കുറിച്ച് പോയൻറ് പട്ടികയിൽ മു മ്പന്മാരാകാൻ ടീം ഇന്ത്യ ഇന്ന് അയൽക്കാരായ ശ്രീലങ്കയെ നേരിടും. രണ്ടാംസ്ഥാനം ഉറപ്പാ ണെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ആസ്ട്രേലിയ തോൽവിയറിഞ്ഞാൽ മാത്ര മാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താൻ സാധിക്കൂ. എന്നാൽ, എട്ടുമത്സരങ്ങളിൽനിന്ന് എ ട്ട് പോയൻറുള്ള ലങ്ക നേരത്തെതന്നെ ടൂർണമെൻറിൽനിന്ന് പുറത്തായിരുന്നു. ഒന്നാം സ്ഥ ാനത്തെത്തിയാൽ ഉജ്ജ്വല ഫോമിലുള്ള ഇംഗ്ലണ്ടിന് പകരം അവസാന ലാപ്പിൽ നിറം മങ്ങിയ ന്യൂസിലൻഡിനെ സെമിയിൽ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ കോഹ്ലിയും കൂട്ടരും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
നടുനിവർത്തണം
മുൻനിര ബാറ്റ്സ്മാന്മാരായ രോഹിത് ശർമ, കെ.എൽ. രാഹുൽ, ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർ ഫോമിലാണെന്നത് ആശ്വാസകരമാണെങ്കിലും മധ്യനിര ഇനിയും താളം കണ്ടെത്താത്തത് ഇന്ത്യൻ ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ മുൻനിര നൽകിയ മികച്ച തുടക്കം വൻ സ്കോറാക്കി മാറ്റാൻ മധ്യനിര ഏറെക്കുറെ പരാജയപ്പെട്ടു. നാലാം നമ്പറിൽ ഋഷഭ് പന്ത് തരക്കേടില്ലാതെ ബാറ്റ് വീശുന്നത് തലവേദന കുറച്ച് കുറക്കാൻ സഹായകമായെങ്കിലും സെമികൂടി മുൻനിർത്തി എം.എസ്. ധോണിയടക്കമുള്ള താരങ്ങൾ ഫോമിലേക്കുയരേണ്ടത് ടീമിന് അനിവാര്യമായിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഇക്കോണമിയിൽ പന്തെറിഞ്ഞ സ്പിന്നർ ധനഞ്ജയ ഡിസിൽവയും ലസിത് മലിംഗയും ഒഴികെ ആരും കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ലാത്തതിനാൽ ധോണി ഉൾപ്പെടെയുള്ള താരങ്ങൾക്ക് ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിനിറങ്ങാനാകും.
കരുത്താകാൻ ജദേജയെത്തുമോ?
ലങ്കൻ ബാറ്റിങ് നിരയിൽ ഏറെ ഇടൈങ്കയ്യന്മാരുള്ളതിനാൽ കേദാർ ജാദവിനെ ടീമിലുൾപ്പെടുത്തേണാ അതോ ഇതുവരെ അവസരം ലഭിക്കാത്ത രവീന്ദ്ര ജദേജയെ കളിപ്പിക്കണോ എന്നതാണ് ടീം മാനേജ്മെൻറിനെ കുഴക്കുന്ന മറ്റൊരു ചോദ്യം. ഒാൾറൗണ്ടറായ ജദേജയുടെ വരവ് മധ്യനിര ശക്തിപ്പെടുത്തുമെന്ന് മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ കേദാർ ജാദവിന് പകരം ടീമിെലത്തിയ ദിനേഷ് കാർത്തികുകൂടി പരാജയമായതോടെ ഇൗ വാദത്തിന് ശക്തി കൂടിയിരിക്കുകയാണ്. ടൂർണമെൻറിൽ ഇതുവരെ നാലു സെഞ്ച്വറികളടക്കം 544 റൺസുമായി ടോപ്സ്കോററായ രോഹിത് ശർമ അഞ്ചാം സെഞ്ച്വറിയാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയ ചരിത്രമുള്ള ഹിറ്റ്മാനെ മുംബൈ ഡ്രസിങ് റൂമിലെ പരിചയംവെച്ച് മലിംഗ പിടിച്ചുകെട്ടുമോ എന്നതും കാത്തിരുന്നു കാണാം. ടീം ഇവരിൽനിന്ന്:
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, എം.എസ്. ധോണി, ദിനേഷ് കാർത്തിക്, യൂസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, മായങ്ക് അഗർവാൾ, രവീന്ദ്ര ജദേജ, കേദാർ ജാദവ്.
ശ്രീലങ്ക: ദിമുത് കരുണരത്ന (ക്യാപ്റ്റൻ), കുശാൽ മെൻഡിസ്, കുശാൽ പെരേര, ലഹിരു തിരിമന്ന, എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ, ജീവൻ മെൻഡിസ്, ധനഞ്ജയ ഡിസിൽവ, കസുൻ രജിത, ഇസുരു ഉഡാന, സുരങ്ക ലക്മൽ, മിലിന്ദ സിരിവർധന, ജെഫ്രി വണ്ടർസായ്, തിസര പെരേര, ആവിഷ്ക ഫെർണാണ്ടോ.