തിരുവനന്തപുരം: ബാക്ക് സീറ്റിൽനിന്ന് ഡ്രൈവിങ് സീറ്റിലെത്താൻ കൊതിച്ച് ‘ഇന്ത്യൻ യു വനിര’ ഇന്ന് ദക്ഷിണാഫ്രിക്ക എക്കെതിരെ ആദ്യ ഏകദിനത്തിനിറങ്ങും. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ രാവിലെ ഒമ്പതിനാണ് ആദ്യ മത്സരപ്പാച്ചിലിന് വിസിൽ മുഴങ്ങുക. ദേശീയ ടീമിലടക്കം കളിച്ച് തഴക്കവും പഴക്കവും വന്ന താരങ്ങൾ ഇരുകൂട്ടരുടെയും കസ്റ്റഡിയിലുള്ളപ്പോൾ പൊടിപാറുന്ന പോരാട്ടത്തിനായിരിക്കും അനന്തപുരി സാക്ഷ്യംവഹിക്കുക.
നീലപ്പടയുട െ ഭാഗ്യമൈതാനങ്ങളിലൊന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ്. ഒരിക്കൽപോലും ഈ മണ്ണിൽ പരാജയത്തിെൻറ കയ്പ് ഇന്ത്യൻ ബ്ലൂസിന് രുചിക്കേണ്ടിവന്നിട്ടില്ല, അത് ജൂനിയേഴ്സായാലും സീനിയേഴ്സായാലും.
ന്യൂസിലൻഡ്, വെസ്റ്റിൻഡീസ് തുടങ്ങിയ വമ്പന്മാരെ കോഹ്ലിയും സംഘവും അടിച്ചുപറത്തിയപ്പോൾ കഴിഞ്ഞ ജനുവരിയിൽ ഒരുകൈനോക്കാൻ വന്ന ഇംഗ്ലണ്ട് ‘എ’ ടീമിനെ അജിൻക്യ രഹാനെയുടെ നേതൃത്വത്തിലുള്ള സംഘം കാര്യവട്ടത്ത് 5-0ത്തിനാണ് തകർത്ത് തരിപ്പണമാക്കിയത്. ഇത്തവണയും കളിയും കളിക്കാരും കാര്യവട്ടത്താകുമ്പോൾ വെറുംകൈയോടെ മടങ്ങേണ്ടിവരില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ‘എ’ ടീം നായകൻ മനീഷ് പാണ്ഡെയും പരിശീലകൻ രാഹുൽ ദ്രാവിഡും.
അതേസമയം, ദുർബലമായിക്കൊണ്ടിരിക്കുന്ന ദേശീയ ടീമിനെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആദ്യപടിയായാണ് ഇന്ത്യൻ പര്യടനത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് കാണുന്നത്. എ.ബി. ഡിവില്ലിയേഴ്സിെൻറയും ഹാഷിം ആംലയുടെയും വിരമിക്കലോടെ തണ്ടെല്ലൊടിഞ്ഞ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരയെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
ഇതിെൻറ ഭാഗമായാണ് ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ഉപനായകൻ ടെംബ ബാവുമ, മുൻ ടെസ്റ്റ് ക്യാപ്റ്റൻ എയ്ഡന്‍ മര്‍ക്രാം, ബൗളർ ലുങ്കി എന്‍ഗിഡി, ബാറ്റ്സ്മാന്മാരായ ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, എൻറിച്ച് നോര്‍ജെ, ഹെൻറിക് ക്ലാസന് എന്നിവരെ എ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.