ലോഡ്സ്: പിച്ചും മൈതാനവും ഉഷ്ണക്കാറ്റും ചൂടുകൊണ്ട് വെന്തുരുക്കുന്നു. ആദ്യ ടെസ്റ്റിലെ തോൽവിയുടെ ചൂടിൽ ഇന്ത്യൻ ക്യാമ്പിനും ചൂടേറുന്നു. ക്രിക്കറ്റിെൻറ മക്കയായ ലോഡ്സിെൻറ മുറ്റത്ത് രണ്ടാം ടെസ്റ്റിന് ഇന്ന് ടോസ് വീഴുേമ്പാൾ വറുചട്ടിയിൽ വീണ അവസ്ഥയിലാണ് ടീം ഇന്ത്യ. അകവും ചൂട്, പുറവും ചൂട്. എന്നാൽ, വീരകഥകളുമായെത്തിയ സന്ദർശകരെ പൊരുതി കീഴടക്കിയ ആവേശം ആതിഥേയരായ ഇംഗ്ലണ്ടിന് ഇന്ധനമായി മാറി. അഞ്ചു ടെസ്റ്റുകളടങ്ങിയ പര്യടനത്തിലെ രണ്ടാം അങ്കം പരമ്പര ഫലത്തിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും നിർണായകമായതിനാൽ ലോഡ്സിൽ കളി മാറും.
ഒറ്റക്കല്ല, ടീം ആവണം
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ തോറ്റത് 31 റൺസ് വ്യത്യാസത്തിലാണെങ്കിലും സ്കോർബോർഡ് കണ്ടാൽ ആരും നിർഭാഗ്യമെന്ന് പറയില്ല. വിരാട് കോഹ്ലിയും ഇംഗ്ലണ്ടും തമ്മിലെ മത്സരത്തിൽ കോഹ്ലി പൊരുതിത്തോറ്റു. ടീമംഗങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടപ്പോൾ നായകഭാരം തോളിലേറ്റിയ കോഹ്ലി ഒറ്റയാനായി കളിച്ചെങ്കിലും ഇംഗ്ലണ്ടിെൻറ ജയം തടയാനായില്ലെന്ന് ചുരുക്കം. ലോഡ്സിൽ അതു മാറിയാലേ ടീം ഇന്ത്യക്ക് സാധ്യതയുള്ളൂ. ആ മാറ്റങ്ങളുടെ സൂചനയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും ഇന്ത്യയുടെ ഡ്രസിങ്റൂമിനെ ചുറ്റിപ്പറ്റിയ ചർച്ചകൾ. പിച്ചിെൻറ മാറ്റത്തിനൊപ്പം ലൈനപ്പിലും അനിവാര്യമായ പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. ഒന്നാം ടെസ്റ്റിൽ ടീമിന് പുറത്തായ ചേേതശ്വർ പുജാര മടങ്ങിവരുമെന്നാണ് സൂചന. പകരം ആരെ ഒഴിവാക്കുമെന്ന ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
എസക്സിനെതിരായ സന്നാഹ മത്സരത്തിലും കൗണ്ടി ക്രിക്കറ്റിലും പുജാര പരാജയമായെന്ന വിലയിരുത്തലാണ് ടീമിന് പുറത്താകാൻ കാരണമായത്. എന്നാൽ, കൗണ്ടിയിലെ പരിചയസമ്പത്തിനെ പരിഗണിച്ചാൽ മതിയെന്നാണ് പുജാരയെ പിന്തുണക്കുന്നവരുടെ പക്ഷം. നിർണായകമായ ഇന്നിങ്സുകൾ, അനിവാര്യ സമയത്ത് അദ്ദേഹത്തിെൻറ ബാറ്റിൽനിന്ന് പിറക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ ആരെ ഒഴിവാക്കുമെന്നതും ചോദ്യമാണ്. ശിഖർ ധവാെൻറയും ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെയും പേരാണ് ഉയരുന്നത്. ഇൗ വർഷം വിദേശമണ്ണിൽ നാലു ടെസ്റ്റ് കളിച്ച പാണ്ഡ്യ 61 ഒാവറിൽ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. 70 ശരാശരിയിൽ 122 സ്ട്രൈക് റേറ്റ്. ഒരു ഒാൾറൗണ്ടറിൽനിന്നുള്ള സംഭാവന ഇതു പോരെന്ന് നിലപാടെടുത്താൽ പാണ്ഡ്യ ലോഡ്സിൽ പുറത്തിരിക്കും.
ശിഖർ ധവാൻ-മുരളി വിജയ് കൂട്ട് ഒാപൺ ചെയ്യുേമ്പാൾ ലോകേഷ് രാഹുലിനെ പിന്നോട്ടിറക്കി പുജാര മൂന്നാമനായോ അല്ലെങ്കിൽ 5-6 സ്ഥാനത്തോ ബാറ്റ് ചെയ്തേക്കാം. ഇൗർപ്പം എളുപ്പത്തിൽ വലിയുന്ന പിച്ചിൽ സ്പിന്നർമാർക്ക് ടേൺ കണ്ടെത്താനാവുമെന്നാണ് വിലയിരുത്തൽ. രണ്ടു ദിവസം മുേമ്പ പിച്ചിൽ പുല്ല് നിലനിർത്തിയതിനാൽ വരുംദിവസങ്ങളിൽ പന്ത് നന്നായി സ്വിങ് ചെയ്യാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽകണ്ട് രണ്ട് സ്പിന്നർമാരെയും മൂന്ന് പേസർമാരെയും കളിപ്പിക്കാനാവും ഇരു ടീമുകളും തയാറാവുക. എഡ്ജ്ബാസ്റ്റണിൽ ഇരു ടീമും ഒാരോ സ്പിന്നർമാരെയാണ് കളിപ്പിച്ചത്. ആർ. അശ്വിനൊപ്പം കുൽദീപ് യാദവിനുകൂടി ഇന്ത്യ ഇടംനൽകിയാൽ അത്ഭുതപ്പെടേണ്ട. അങ്ങനെയെങ്കിൽ ബാറ്റ്സ്മാന്മാരിൽ പലരുടെയും തലകൾ വീണ്ടുമുരുളും. ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർക്കാണ് പേസ് നായകത്വം. നിർണായക നിമിഷത്തിൽ റൺസ് കൂടി കണ്ടെത്താനാവുന്ന പാണ്ഡ്യയെ നിലനിർത്തി ഉമേഷ് യാദവിനെ ഒഴിവാക്കിയാലും അത്ഭുതപ്പെടേണ്ട.
ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ട്
ഒന്നാം ടെസ്റ്റിലെ വിജയത്തോടെ ആത്മവിശ്വാസം നിറച്ചാണ് ഇംഗ്ലണ്ടിറങ്ങുന്നത്. ബെൻസ് സ്റ്റോക്സും ഡേവിഡ് മലാനും പകരക്കാരായി ക്രിസ് വോക്സും ഒലിവർ പോപും ടീമിലെത്തി. ആദ്യ കളിയിലെ മികച്ച പ്രകടനവുമായി ആദിൽ റാഷിദും സാം കറനും ഇടം ഉറപ്പിച്ചു. ഒപ്പം അരങ്ങേറ്റക്കാരനായി പോപിനും ഇടം നൽകി ക്യാപ്റ്റൻ റൂട്ട് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റോക്സിെൻറ പകരക്കാരൻ ക്രിസ് വോക്സോ, മുഇൗൻ അലിയോ എന്ന് ഇന്ന് തീരുമാനിക്കും. ജാമി പോർടറെ ഒഴിവാക്കിയാണ് 12 അംഗ സംഘത്തെ തീരുമാനിച്ചത്.