ക്രൈസ്റ്റ്ചർച്ച്: രണ്ടാം ടെസ്റ്റിെൻറ രണ്ടാം ദിനം 86.1 ഓവറിൽ 262 റൺസിന് വീണത് 16 വിക്കറ്റ്. ബൗളർമാരുടെ ദിനത്തിൽ പേസർമാർ ഏഴു റൺസ് ലീഡ് നേടിത്തന്നെങ്കിലും ഒരിക്കൽകൂടി ബാറ്റിങ് മറന്ന മുന്നേറ്റ നിരയുടെ കൂട്ടുത്തകർച്ചയുടെ ഫലമായി ഇന്ത്യ വീണ്ടുമൊരു തോൽവി മുന്നിൽ കാണുന്നു. രണ്ടാം ദിനം ആറിന് 90 റൺസെന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യക്ക് മൂന്ന് ദിവസവും നാലു വിക്കറ്റും ശേഷിക്കേ 97 റൺസിെൻറ മുൻതൂക്കം മാത്രമാണുള്ളത്. ക്രീസിലുള്ള ഹനുമ വിഹാരിയിലും (5) ഋഷഭ് പന്തിലുമാണ് (1) ഇനി പ്രതീക്ഷ. സ്കോർ: ഇന്ത്യ 242& 90/6, ന്യൂസിലൻഡ് 235.
വീണ്ടും ബോൾട്ടിളക്കി ബോൾട്ട്
12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെൻറ് ബോൾട്ടാണ് വീണ്ടും ഇന്ത്യയുടെ ബോൾട്ടിളകിയത്. മായങ്ക് അഗർവാളിനെയും (3) ചേതേശ്വർ പുജാരയെയും (24) മികച്ച ഇൻസ്വിങ്ങറിലൂെടയാണ് ബോൾട്ട് മടക്കിയത്. മായങ്ക് വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ പുജാര ബൗൾഡായി. ടിം സൗത്തിയുടെ ഷോർട്ട് ബോളിൽ ടോം ലഥാമിന് ക്യാച് നൽകിയാണ് പൃഥ്വി ഷാ (14) പുറത്തായത്. മോശം പ്രകടനം തുടരുന്ന നായകൻ വിരാട് കോഹ്ലി (14) ഫൂട്ട്വർക്കിൽ പിഴച്ച് കോളിൻ ഡിഗ്രാൻഡേമിെൻറ ഓഫ് കട്ടറിൽ എൽ.ബി.ഡബ്ല്യൂവിൽ കുരുങ്ങി.
ഈ പരമ്പരയിൽ നാല് ഇന്നിങ്സുകളിൽ നിന്നും 38 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. കളിക്കാനുറച്ചെത്തിയ ഉപനായകൻ അജിൻക്യ രഹാനെയുടെ ഹെൽമെറ്റിന് രണ്ട് തവണ ഏറുകൊണ്ടു. എന്നാൽ മോശം ഷോട്ടിനുശ്രമിച്ച് രഹാനെയും (9) വിക്കറ്റ് വലിച്ചെറിഞ്ഞു. നീൽ വാഗ്നർക്കായിരുന്നു വിക്കറ്റ്. കളി തീരാൻ അരമണിക്കൂർ മാത്രം ബാക്കി നിൽക്കേ നൈറ്റ്വാച്ച്മാനായെത്തിയ ഉമേഷ് യാദവിനും (1) പിടിച്ചുനിൽക്കാനായില്ല. ബോൾട്ടിെൻറ അതിമനോഹരമായ ഇൻസ്വിങ്ങറിൽ ഉമേഷിെൻറ ബെയ്ൽസുമിളകി.
പച്ചപ്പ് നിറഞ്ഞ ഗ്രൗണ്ടിൽ 250 റൺസെങ്കിലും വിജയലക്ഷ്യമുയർത്താനായാൽ ഇന്ത്യക്ക് പൊരുതിനോക്കാം. ഇതിനിടെ ഫീൽഡിങ്ങിനിടെ കാണികൾക്കും എതിർടീം കളിക്കാർക്കും നേരെയുള്ള വിരാട് കോഹ്ലിയുടെ പെരുമാറ്റം അതിരുകടന്നെന്ന രീതിയിൽ വിമർശനമുയർന്നു.

കരുത്തുകാട്ടി ഇന്ത്യൻ പേസ്നിര
രണ്ടാം ദിനത്തിലെ ആദ്യ രണ്ട് െസഷനുകൾ മുഹമ്മദ് ഷമിയും (4/81) ജസ്പ്രീത് ബൂംറയും (3/62) സ്വന്തമാക്കിതോടെ ഇന്ത്യ വീണ്ടും മത്സരത്തിെൻറ മൂഡിലായി. സീമും സ്വിങ്ങുംകൊണ്ട് ബുംറയും ഷമിയും കിവീസിനെ മൂന്ന്മണിക്കൂർ നേരം വിറപ്പിച്ചു. രണ്ട് വിക്കറ്റും നീൽ വാഗ്നറെ (21) പുറത്താക്കാൻ പറക്കും ക്യാച്ചുമെടുത്ത രവീന്ദ്ര ജദേജയും കൈയടി നേടി.
ടോം ബ്ലൻഡലിെന (30) മടക്കി ഉമേഷാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. ഓഫ്സ്റ്റംപ് ലക്ഷ്യമാക്കി ലൈനിൽ പന്തെറിഞ്ഞ ബുംറയും ഷമിയും കിവി ബാറ്റ്സ്മാൻമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. അർധ സെഞ്ച്വറി നേടി ടോപ് സ്കോററായ ടോം ലഥാമിനെ (51) ബൗൾഡാക്കിയ ഷമിയുടെ പന്തും കെയ്ൻ വില്യംസണിനെ (3) പന്തിെൻറ കൈയിലെത്തിച്ച ബുംറയുടെ പന്തും ഇന്ത്യൻ ബൗളിങ് നിരയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തി.
ഗ്രാൻഡ്ഹോം (26), റോസ് ടെയ്ലർ (15), ഹെൻറി നികോൾസ് (14) എന്നിവർ രണ്ടക്കം കടന്നപ്പോൾ ബി.ജെ. വാട്ലിങ്ങും ടിം സൗത്തിയും പൂജ്യരായി. എട്ടിന് 177 റൺസെന്ന നിലയിൽ തകർന്ന് നിന്ന ടീമിനെ ഒമ്പതാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുെകട്ടുയർത്തി കെയ്ൽ ജാമിസണും (49) വാഗ്നറും ചേർന്നാണ് കരകയറ്റിയത്. ഓൾറൗണ്ടറെന്ന പേരിന് അർഹനായിക്കൊണ്ടിരിക്കുന്ന ജാമിസണെ പുറത്താക്കി ഷമിയാണ് കിവി ഇന്നിങ്സ് പൂർത്തിയാക്കിയത്. രണ്ടാം ഇന്നിങ്സിൽ പൊരുതാവുന്ന ലക്ഷ്യമുയർത്തിയാലും തങ്ങളെക്കാൾ ഉത്തരവാദിത്തത്തോടെ ബാറ്റുവീശുന്ന കിവി വാലറ്റമാകും ഇന്ത്യയെ ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത്.