ഹൈദരാബാദ്: ആസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പര തോൽവിക്ക് കണക്കുതീർക്കാൻ ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങുന്നു. ഇന്ത്യ-ഒാസീസ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ശനിയാഴ്ച ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയം അരങ്ങൊരുക്കും. രാത്രിയും പകലുമായി നടക്കുന്ന കളി ഉച്ചക്ക് 1.30നാണ് തുടങ്ങുക.
ലോകകപ്പ് ഡ്രസ് റിഹേഴ്സൽ
അടുത്തെത്തിയ ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ലോകകപ്പ് ടീമിലെ അവസാന പൂരിപ്പിക്കലുകൾക്കുള്ള ശ്രമത്തിലാണ് മാനേജ്മെൻറ്. ലോകകപ്പിനുള്ള 15 അംഗ ടീമിലേക്കുള്ള 13 അംഗങ്ങളുടെയും സ്ഥാനം ഏറക്കുറെ ഉറപ്പായിരിക്കെ ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിലേക്കാണ് പ്രധാനമായും മത്സരം. ഇതിലേക്ക് സാധ്യത തേടുന്ന നാല് താരങ്ങളെങ്കിലും ഒാസീസിനെതിരായ ടീമിലുണ്ട്. ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, വിജയ് ശങ്കർ, സിദ്ധാർഥ് കൗൾ എന്നിവർ. ഇവർക്ക് നിർണായകമാവും ഇൗ പരമ്പര. ഇതിൽ ആർക്കെല്ലാം പരമ്പരയിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്.
ട്വൻറി20 പരമ്പരയിൽ തിളങ്ങിയത് രാഹുലിന് നേട്ടമാവുമെങ്കിൽ രണ്ട് കളിയിലും പരാജയമായത് പന്തിന് തിരിച്ചടിയായേക്കും. ഹർദിക് പാണ്ഡ്യയുടെ ഇടക്കിടെയുള്ള പരിക്ക് ഇടം തുറക്കുമെന്ന പ്രതീക്ഷയിലാണ് കിട്ടിയ അവസരങ്ങളിൽ നിരാശപ്പെടുത്താതിരുന്ന ശങ്കർ. തിളങ്ങിയാൽ നാലാം പേസറായി ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് കൗൾ. വിശ്രമം അനുവദിക്കപ്പെട്ട ഭുവനേശ്വർ കുമാറിെൻറ അഭാവത്തിൽ ആദ്യ രണ്ട് കളികൾക്കുള്ള ടീമിലാണ് കൗളുള്ളത്.
നാലാം നമ്പറിൽ ആര്?
സമീപകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട ഏകദിന ടീമിലെ നാലാം നമ്പറിൽ ലോകകപ്പിൽ ആര് പാഡുകെട്ടും എന്നതിന് മിക്കവാറും ഇൗ പരമ്പര ഉത്തരം നൽകും. സമീപകാല പ്രകടനങ്ങൾ അമ്പാട്ടി റായുഡുവിന് തന്നെയാണ് സാധ്യത നൽകുന്നതെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മാനേജ്മെൻറിെൻറയും പൂർണ പിന്തുണയുള്ള രാഹുലിനെ നാലാം നമ്പറിൽ പരീക്ഷിച്ചേക്കുമെന്നും സൂചനയുണ്ട്.
കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലുമടങ്ങിയ സ്പിൻ ദ്വയത്തിെൻറ കരുത്തിൽ ഒാസീസ് ബാറ്റിങ്ങിനെ തളക്കാമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. മുഹമ്മദ് ഷമി തിരിച്ചെത്തുന്നതോടെ ബൗളിങ് കുന്തമുന ജസ്പ്രീത് ബുംറക്ക് ഒത്ത കൂട്ടാളിയാവും. ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ വിജയ് ശങ്കറും കേദാർ ജാദവും ചേർന്നാവും അഞ്ചാം ബൗളറുടെ ക്വാട്ട പൂർത്തിയാക്കുക.
ഇൻ ഫോം മാക്സി, ഫോം ഒൗട്ട് ഫിഞ്ച്
ക്യാപ്റ്റൻ ആരോൺ ഫിഞ്ചിെൻറ ഫോമില്ലായ്മയും ബിഗ്ഹിറ്റർ ഗ്ലെൻ മാക്സ്വെല്ലിെൻറ മിന്നും ഫോമുമാണ് ആസ്ട്രേലിയൻ ക്യാമ്പിെൻറ ആശങ്കയും പ്രത്യാശയും. ഒാപണിങ്ങിൽ ഉസ്മാൻ ഖ്വാജയും വിക്കറ്റിന് പിറകിൽ അലക്സ് കാരിയും തിരിച്ചെത്തുന്നതോടെ ട്വൻറി20യിൽ കളിച്ച ഡാർസി ഷോർട്ടും നഥാൻ കോർട്ടർ നെയ്ലും പുറത്തിരിക്കും. കാരിയുള്ളതിനാൽ പീറ്റർ ഹാൻസ്കോമ്പ് ബാറ്റ്സ്മാനായി മാത്രം കളിക്കും. മാക്സ്വെല്ലിന് അഞ്ചാം നമ്പറിൽനിന്ന് സ്ഥാനക്കയറ്റം നൽകുമോ എന്നത് നിർണയാകമാവും. ആസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ നാലാം നമ്പറിലെത്തിയ മാർകസ് സ്റ്റോയ്നിസിനും ശേഷമായിരുന്നു മാക്സ്വെൽ ഇറങ്ങിയിരുന്നത്.
ആറാം നമ്പറിൽ പുതുമുഖം ആഷ്ടൺ ടേണറാണുള്ളത് എന്നതിനാൽ മാക്സ്വെൽ അഞ്ചാം നമ്പറിൽ തന്നെ തുടരാനും സാധ്യതയുണ്ട്. പാറ്റ് കമ്മിൻസ്, ജാസൺ ബെഹറൻഡോഫ്, ജയ് റിച്ചാർഡ്സൺ എന്നീ പേസർമാർക്കൊപ്പം സ്പിന്നറായി നഥാൻ ലിയോണിെൻറ മുന്നിൽ ആഡം സാംപക്ക് തന്നെയാവും അവസരം ലഭിക്കുക.
സാധ്യത ടീം
ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, എം.എസ്. ധോണി, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ആസ്ട്രേലിയ: ആരേൺ ഫിഞ്ച്, ഉസ്മാൻ ഖ്വാജ, പീറ്റർ ഹാൻസ്കോമ്പ്, മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്വെൽ, ആഷ്ടൺ ടേണർ, അലക്സ് കാരി, ആഡം സാംപ, പാറ്റ് കമ്മിൻസ്, ജാസൺ ബെഹറൻഡോഫ്, ജയ് റിച്ചാർഡ്സൺ.